സ്ത്രീകള്‍ക്ക് കാലുകളുണ്ട്! അനശ്വരയെ പിന്തുണച്ച് റിമ

കഴിഞ്ഞ ദിവസമാണ് നടി അനശ്വര പങ്കുവച്ച ചിത്രങ്ങൾക്ക് സദാചാര സഹോദരന്മാർ സൈബർ ആക്രമണവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്‍റുകളുള്‍പ്പെടെ നിരവധിപേരാണ് എത്തിയിരുന്നത്. ഇതിന് മറുപടിയുമായി അനശ്വര തന്നെ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ‘ഞാൻ എന്താണ് ചെയ്യുന്നതെന്നതിൽ നിങ്ങള്‍ക്ക് ആശങ്ക വേണ്ട, ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ ആകുലപ്പെടുത്തുന്നത് എന്തുകൊണ്ടാണ് എന്നതിനെയോർത്ത് ആശങ്കപ്പെടൂ’, എന്ന മറുപടി നൽകിയാണ് എത്തിയിരുന്നത്. ഇപ്പോഴിതാ നടിക്ക് പിന്തുണ നൽകി നടി റിമ കല്ലിങ്കലും എത്തിയിരിക്കുകയാണ്. പഴയൊരു ഗ്ലാമര്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റയിൽ എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ‘സര്‍പ്രൈസ്, സര്‍പ്രൈസ്… സ്ത്രീകൾക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പിട്ടുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യമെന്നോണം എത്തിയിരിക്കുന്നത്.

മാത്രമല്ല ലേഡീസ്, ഷോ ദം ഹൗ ഇൻസ്റ്റ് ഡൺ എന്ന ഹാഷ് ടാഗുകളും ചേര്‍ത്താണ് റിമയുടെ കുറിപ്പ്. സെപ്റ്റംബര്‍ എട്ടിനായിരുന്നു അനശ്വര തന്‍റെ 18ാം ജന്മദിനം ആഘോഷിച്ചിരുന്നത്. ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷം പിറ്റേദിവസം തന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനശ്വര ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ചിത്രങ്ങള്‍ക്ക് താഴെ അതിരുവിട്ട കമന്‍റുകളുമായി ചിലര്‍ എത്തിയത്. പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ, ഇത് കേരള സംസ്കാരമല്ല തുടങ്ങി വിവിധ കമന്‍റുകളാണ് ചിലര്‍ കുറിച്ചിരുന്നത്. അനശ്വരയ്ക്ക് പിന്തുണയുമായി ഇപ്പോള്‍ നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Related posts