കുടമാറ്റം, മേളം, ആര്‍പ്പ് വിളി!… ഒരു മിനിട്ട് കൊണ്ട് തൃശൂര്‍ പൂരം കാണാം


തൃശ്ശൂര്‍: നിറങ്ങള്‍ വിടര്‍ന്ന പൂരവിസ്മയമായി കുടമാറ്റം. വാശിയോടെ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ പരസ്പരം കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരപ്രേമികള്‍ ആവേശത്തിലായി. ശാരീരികാവശതകള്‍ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിച്ച ഇലഞ്ഞിത്തറമേളം, താളപ്പെരുക്കമായി.
രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി.
രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക്തുടക്കമായത്. തുടര്‍ന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്‍മാര്‍ ഘടകപൂരങ്ങളായി വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എത്തി. ഓരോ ഘടകപൂരങ്ങള്‍ക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന മഠത്തില്‍ വരവ് നടന്നു.
ഉച്ചയോടെ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. എല്ലാം മറന്ന് മേളപ്രേമികള്‍ കൈ ആകാശത്തേക്ക് എറിഞ്ഞുവീശി, ഓരോ മേളപ്പെരുക്കത്തിനും ഒപ്പം കൂടി. ശാരീരികാസ്വസ്ഥതകള്‍ മറന്നും മേളപ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍ കൊട്ടിന് നേതൃത്വം നല്‍കി. രാവിലെ കടുത്ത പനി ബാധിച്ചാണ് കുട്ടന്‍മാരാര്‍ എത്തിയത് തന്നെ. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ കുട്ടന്‍മാരാര്‍ തളര്‍ന്നു വീണിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്റെ മുന്നില്‍ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാന്‍ കുട്ടന്‍മാരാര്‍ തയ്യാറായിരുന്നില്ല. ചെറിയ ചികിത്സയ്ക്ക് ശേഷം, ആവേശത്തോടെ വീണ്ടും ഇലഞ്ഞിത്തറയിലെത്തി. മേളത്തിന്റെ ആവേശം നട്ടുച്ചയുടെ കൊടുംചൂടിനിടയിലും കൊട്ടിക്കയറി.
നാളെ പുലര്‍ച്ചെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് പൂരവെടിക്കെട്ട് നടക്കും. പിന്നീട് പകല്‍പ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇക്കൊല്ലത്തെ പൂരച്ചടങ്ങുകള്‍ക്ക് അങ്ങനെ അവസാനമായി.
കനത്ത സുരക്ഷയിലാണ് ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ നടത്തിയത്. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിച്ചു. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തി. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 3500-ഓളം ഉദ്യോഗസ്ഥരാണ് പൂരത്തിന് സുരക്ഷയേര്‍പ്പെടുത്താന്‍ എത്തിയത്. കേന്ദ്രസേനയുള്‍പ്പടെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചു.
തൃശൂര്‍ പൂരം വിളംബരത്തിന് ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും വിവാദങ്ങളുയര്‍ന്നു ഇത്തവണ. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാമചന്ദ്രനെ എഴുന്നള്ളിച്ചത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇത്തവണ. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാന്‍ ധാരണയായത്.
നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോള്‍ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി.

share this post on...

Related posts