മഞ്ഞുകാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം

തണുപ്പ് കാലമെന്നാല്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ പറ്റിയ സമയം ആണ് പലര്‍ക്കും. തണുപ്പായാല്‍ വൈകി എഴുന്നേല്‍ക്കാനാണ് നമ്മളില്‍ മിക്കവര്‍ക്കും ഇഷ്ടം. ഏറ്റവും ഇഷ്ടമുള്ള കാലമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ പലര്‍ക്കും – മഞ്ഞുകാലം. കാര്യമൊക്കെ ശരി, സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത്ര സന്തോഷം തരുന്ന കാലമല്ലിത്. കാരണം മറ്റൊന്നുമല്ല, ഈ ശൈത്യകാലത്താണ് പല ചര്‍മ്മ പ്രശ്‌നങ്ങളും രൂക്ഷമാകുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം. അല്പമൊരു അശ്രദ്ധ കൂടുതല്‍ സൗന്ദര്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

മഞ്ഞുകാലത്ത് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

മൃദുവായ ചര്‍മ്മം ലഭിക്കാന്‍

തണുപ്പ് കാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ചര്‍മ്മം കൂടുതല്‍ വരണ്ടുപോകുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മോയ്‌സ്ചറൈസിംഗ് ലോഷന്‍ കൊണ്ട് മാത്രം പരിഹാരം കണ്ടെത്താന്‍ കഴിയില്ല. നിങ്ങള്‍ ഉപയോഗിക്കുന്ന ക്രീമിലേയ്‌ക്കോ ലോഷനിലേയ്‌ക്കോ ഒന്നോ രണ്ടോ തുള്ളി ബേബി ഓയില്‍ ചേര്‍ത്ത് യോജിപ്പിച്ച ശേഷം പുരട്ടുന്നത് ചര്‍മ്മത്തിന് മികച്ച മോയ്‌സ്ചറൈസിംഗ് ഇഫക്ട് ലഭിക്കാന്‍ സഹായിക്കും. മറ്റൊരു കാര്യം, ശൈത്യകാലത്തേയ്ക്കുള്ള ക്രീമുകള്‍ വാങ്ങുമ്പോള്‍ അവക്കാഡോ ഓയില്‍, ആല്‍മണ്ട് ഓയില്‍, മിനറല്‍ ഓയില്‍, പ്രിംറോസ് ഓയില്‍ ഇവയിലേതെങ്കിലും പ്രധാന ഘടകമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. കൂടാതെ ചര്‍മ്മത്തിലെ വരള്‍ച്ചയും മൊരിച്ചിലും ഒഴിവാക്കാന്‍ എണ്ണ തേച്ച് കുളി അത്യുത്തമമാണ്.

കുളിക്കാന്‍ ചൂട് വെള്ളം വേണ്ട

തണുപ്പ് കാലത്ത് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചൂട് വെള്ളത്തില്‍ കുളിക്കാതിരിക്കുകയാണ് നല്ലത്. ചൂടുവെള്ളത്തിലുള്ള കുളി ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടമാകുന്നതിനു കാരണമാകും. എന്നാല്‍ നിര്‍ബന്ധമായും കുളിക്കാന്‍ ചൂട് വെള്ളം വേണമെന്നുള്ളവര്‍ക്ക് ചെറുചൂട് വെള്ളം ഉപയോഗിക്കാം.

സോപ്പ് വേണ്ട

കാലാവസ്ഥ ഏതാണെങ്കിലും കഴിവതും സോപ്പ് ഉപയോഗിക്കാതിരിക്കുകയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടുപോകാനുള്ള സാധ്യതയുണ്ട്. സോപ്പിനു പകരം കടലപ്പൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീര്യം കുറഞ്ഞ ബേബി സോപ്പ് ഉപയോഗിക്കുകയാകും നല്ലത്.

സണ്‍സ്‌ക്രീന്‍ ഒഴിവാക്കേണ്ട

തണുപ്പ് കാലമല്ലേ, വെയില്‍ കുറവല്ലേ എന്നൊക്കെ വിചാരിച്ച് പലരും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ ചെയ്യരുത്. മഞ്ഞുകാലമാണെന്ന് കരുതി സണ്‍സ്‌ക്രീനെ പാടെ അങ്ങ് അവഗണിക്കേണ്ട. വേനലായാലും മഞ്ഞായാലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സൂര്യരശ്മികള്‍ ചര്‍മ്മത്തിലേല്‍പ്പിക്കാന്‍ സാധ്യതയുള്ള ദോഷങ്ങളില്‍ നിന്ന് സണ്‍സ്‌ക്രീന്‍ സംരക്ഷണമേകും.

പാദങ്ങള്‍ വിണ്ടുകീറുന്നതിന്

മഞ്ഞുകാലമാകുന്നതോടെ പലരും പറയുന്ന പ്രശ്‌നമാണ് ഇത്. പാദങ്ങള്‍ വിണ്ടുകീറുമ്പോഴുണ്ടാകുന്ന വേദന കാരണം നടക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് പലരും. ഇത് ഒഴിവാക്കാനെന്താണൊരു പോംവഴി? രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ലയിപ്പിച്ച് പാദങ്ങള്‍ അതില്‍ മുക്കിവെക്കുക. അതിനു ശേഷം കാല്‍ നന്നായി ഉണക്കുക. ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതമോ അതല്ലെങ്കില്‍ ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതമോ കാലുകളിലും പാദങ്ങളിലും നന്നായി പുരട്ടുക. അതിനു ശേഷം അല്പം കടുകെണ്ണ ഉപയോഗിച്ച് ഉപ്പൂറ്റി നന്നായി മസ്സാജ് ചെയ്ത ശേഷം ഒരു സോക്‌സ് ധരിച്ച് ഉറങ്ങാന്‍ പോകുക. ഇങ്ങനെ ശീലമാക്കിയാല്‍ മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാം. പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. പുറത്ത് പോയി വന്നാലുടന്‍ കാലുകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.

തലമുടിയെ അവഗണിക്കേണ്ട

മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സമയം കൂടിയാണ് ഈ കാലം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടിയില്‍ ഹോട്ട് ഓയില്‍ മസ്സാജ് നടത്താവുന്നതാണ്. ചെറു ചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് മുടിയും തലയോട്ടിയും നന്നായി മസ്സാജ് ചെയ്യാം. ആവശ്യമെങ്കില്‍ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും മുടിക്ക് നല്‍കാം. പുറത്ത് പോകുമ്പോള്‍ മുടി നന്നായി കവര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. തണുപ്പ് കാലത്ത് ഷാംപൂ ഉപയോഗിക്കുന്നത് കുറയ്ക്കാം. മുടി കഴുകാനായി ചെമ്പരത്തി താളിയോ കുറുന്തോട്ടി താളിയോ ഉപയോഗിക്കാവുന്നതാണ്.

ചുണ്ടുകള്‍ക്ക് സംരക്ഷണം

മറ്റെല്ലാ ശരീരഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുമ്പോള്‍ ചുണ്ടുകളെ അവഗണിക്കരുത്. SPF കൂടുതല്‍ അടങ്ങിയ ലിപ് ഗ്ലോസ്സോ ലിപ്സ്റ്റിക്കുകളോ ഉപയോഗിക്കാം. ചുണ്ടുകള്‍ പൊട്ടിപ്പോകുന്നത് തടയാന്‍ ലിപ് ബാം തേക്കാവുന്നതാണ്.

എക്‌സ്‌ഫോളിയേറ്റ് ചെയ്യാം

ശൈത്യകാലമാകുമ്പോള്‍ ചര്‍മ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്ന രീതി ഒഴിവാക്കരുത്. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മം വരണ്ടു പോകുന്നത് തടയും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഡ്രൈ സ്‌ക്രബ് ഉപയോഗിക്കാതെ ഓയില്‍ ബേസ്ഡ് സ്‌ക്രബ് ഉപയോഗിക്കുകയാകും തണുപ്പ് കാലത്തെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗം. താഴെ നല്‍കിയിരിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്:

ഒരു പാത്രത്തിലേക്ക് അര സ്പൂണ്‍ വീതം കല്ലുപ്പും പഞ്ചസാരയും എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ ബേബി ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കാം. കല്ലുപ്പും പഞ്ചസാരയും പൂര്‍ണ്ണമായും എണ്ണയില്‍ ലയിക്കരുത്. തരി തരി ആയി കിടക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം ഇതുപയോഗിച്ച് മുഖവും വരണ്ടിരിക്കുന്ന മറ്റ് ചര്‍മ്മഭാഗങ്ങളും മസ്സാജ് ചെയ്യാവുന്നതാണ്. ഒന്നോ രണ്ടോ മിനിറ്റ് നന്നായി മസ്സാജ് ചെയ്ത് കൊടുക്കുക. ഇരുപത് മിനിട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. എണ്ണമയം കളയാന്‍ കടലമാവോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാവുന്നതാണ്.

മഞ്ഞുകാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക:

തണുപ്പ് കാലത്ത് ശരീരത്തിലെ ജലാംശം കുറയാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക
പഴങ്ങളും ജ്യൂസുകളും ധാരാളം കഴിക്കുക
പഴം, പച്ചക്കറികള്‍, സാലഡുകള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
പാലും പാലുത്പന്നങ്ങളും കഴിക്കുന്നത് കുറയ്ക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യാം.
തണുപ്പ് കാലത്ത് ലഭിക്കുന്ന മത്സ്യ മാംസാദികള്‍ ഗുണനിലവാരമുള്ളതാണോ എന്ന് ഉറപ്പ് വരുത്തുക.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
വെണ്ണ, പാല്‍ക്കട്ടി തുടങ്ങിയവ കഴിക്കുന്നത് കഫക്കെട്ടിനു കാരണമാകും.

share this post on...

Related posts