ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ ഗൂഢനാടകമോ?; ഒളിക്കാന്‍ ശ്രമിക്കാതെ സരിത്തിന്റെ കീഴടങ്ങല്‍, സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നു മൊഴി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം. സരിത്തിനെ കിട്ടാതായാല്‍ കൂടെയുണ്ടായിരുന്നവരിലേക്ക് അന്വേഷണം നീളുമെന്ന സംശയത്തിലായിരുന്നു കീഴടങ്ങല്‍ നാടകമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സ്വര്‍ണം കടത്തിയത് ഒറ്റയ്ക്കാണെന്നും സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നുമാണ് സരിത് കസ്റ്റംസിനോട് പറഞ്ഞത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയില്ല.
രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തിലുള്ള പങ്കു മൂടിവയ്ക്കാനാണു സരിത് ശ്രമിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കഴിഞ്ഞ മാസം അവസാനമാണു നയതന്ത്ര ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രേഖകളില്‍ പിഴവു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാഗേജ് പിടിച്ചുവച്ചപ്പോള്‍ കോണ്‍സുലേറ്റ് പിആര്‍ഒ എന്നപേരില്‍ ഇടപെടല്‍ നടത്തിയതു സരിത്താണ്. ബാഗേജ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടപ്പോഴാണ് സരിത്തിന്റെ ഇടപാടുകളെക്കുറിച്ച് സംശയമുണ്ടാകുന്നത്.
കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും ഒരിക്കല്‍ സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തി. പിന്നീട് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒളിവില്‍പോകാന്‍ ശ്രമിക്കാതെ സരിത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി കുറ്റമേല്‍ക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ മുന്‍ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സ്വര്‍ണം കടത്തിയതെന്നും ഇതിനായി വ്യാജ ഐഡികള്‍ ഉണ്ടാക്കിയെന്നും ഇയാള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി.
കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥനു ഭക്ഷണ വിതരണ കരാര്‍ ലഭിക്കണമെങ്കില്‍ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. നയതന്ത്ര ബാഗുകളില്‍ സ്വര്‍ണം കടത്തല്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നാണു കസ്റ്റംസ് പറയുന്നത്. കടത്തലിനു സഹായം ലഭിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ പണവിതരണം നടന്നിരുന്നതായും സൂചനയുണ്ട്. സരിത്തിനെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

Related posts