ക്രിക്കറ്റ് എപ്പോഴാണ് ഒളിമ്പിക്സിൽ പങ്കാളിത്തം അറിയിച്ചത്! 1900 ൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഒരിനമായിരുന്നു. രണ്ട് ദിവസ ഗെയിമായി നടന്ന ക്രിക്കറ്റിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സ്വർണം നേടിയതാണ് ചരിത്രം. അതിന് ശേഷം ക്രിക്കറ്റിനെ ഒളിമ്പിക്സിൽ കണ്ടിട്ടില്ല. ക്രിക്കറ്റ് ആഗോള കായികോത്സവത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ഐസിസി ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇയാൻ വാട്മോർ ആണ് ഈ ഗ്രൂപ്പിന്റെ ചെയർമാൻ. ഐസിസി സ്വതന്ത്ര ഡയറക്ടർ ഇന്ദ്ര നൂയിയും ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമാണ്.

2028 ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് പ്രവർത്തനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നേരത്തെ, ബിസിസിഐ ഒളിമ്പിക്സിനോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഐസിസിയിലെ ഏറ്റവും സമ്പന്നമായ ബോഡിയാണ് ബിസിസിഐ. കായിക ബോർഡുകളിലെ രാഷ്ട്രീയ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാത്ത അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനുമായി (ഐഒഎ) എത്ര കണ്ട് സഹകരിക്കാൻ സാധിക്കുമെന്നത് വലിയ ചോദ്യ ചിഹ്നമായിരുന്നു. ക്രിക്കറ്റ് ഭരണ കേന്ദ്രങ്ങൾ ഐഒഎയുടെ നിരീക്ഷണത്തിലാകുന്നതും ബിസിസിഐയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.

എന്നാൽ, ഐസിസിയുടെ ശ്രമഫലമായി ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെട്ടാൽ ടീമിനെ അയക്കാൻ തയ്യാറാണെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ നൂറ് കോടിയിലേറെ ആരാധകരുള്ള ക്രിക്കറ്റിന്റെ ഫാൻബേസിൽ 92 ശതമാനവും കിഴക്കനേഷ്യയിൽ നിന്നാണ്. അത്ലറ്റിക്സിൽ തിളങ്ങുന്ന യുഎസ്എയിൽ മുപ്പത് ദശലക്ഷം പേർ ക്രിക്കറ്റിനെ പിന്തുടരുന്നവരാണ്. ഇതെല്ലാം ഒളിമ്പിക്സിൽ ഇടം പിടിക്കാൻ ക്രിക്കറ്റിനെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് ഐസിസി ചെയർമാൻ ഗ്രെയ്ഗ് ബാർക്ലേ പറഞ്ഞു. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെട്ടാൽ ഐസിസിയുടെ ശ്രമത്തിനുള്ള വലിയ അംഗീകാരമാകും.