
മലർ മിസ്സും ജോർജും അവരുടെ പ്രണയവും നിറച്ച് കേരളക്കരയേറ്റെടുത്ത ചിത്രമാണ് പ്രേമം. മലയാളത്തിലെ ക്യാമ്പസ് സിനിമകളിൽ മുൻപന്തിയിലുള്ള സിനിമയാണ് ഇത്. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് അൻവർ റഷീദ് നിർമ്മിച്ച ചിത്രം ഒരു പിടി നായികമാരേയും മലയാളത്തിന് സമ്മാനിച്ചിരുന്നു. സായ് പല്ലവിക്ക് പുറമെ അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരും ‘പ്രേമ’ത്തിലൂടെ താരമായവരാണ്.

എന്നാൽ ഇവർക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോയ, എന്തിന് കഥാനായകൻ ജോർജ് പോലും ശ്രദ്ധിക്കാതെ പോയൊരാളുണ്ട്. ജോർജ് അറിയാതെ ജോർജിനെ പ്രണയിച്ച അഞ്ജലി എന്ന കഥാപാത്രം. ഈ കഥാപാത്രം അവതരിപ്പിച്ചത് റിൻസ ജേക്കബ് എന്ന നടിയാണ്. അതേസമയം രണ്ട് സിനിമകളിൽ മാത്രമേ റിൻസ അഭിനയിച്ചുള്ളൂ. ക്ലാസിലേക്ക് കയറിവരുന്ന ജോർജിനു നേരെ കടക്കണ്ണാൽ പ്രണയത്തിൻ്റെ അമ്പെയ്തുവിട്ട സുന്ദരി. ജോർജ്ജ് കാണാതെ പോയ പ്രണയം. കോളേജിൽ തല്ലി പൊളിയായ ജോർജിനെ അയാളറിയാതെ പ്രണയിച്ചയാളായിരുന്നു അഞ്ജലി. ജോർജ് പക്ഷേ മലർ മിസിനു പിന്നാലെ പോയി. അഞ്ജലിയുടെ പ്രണയം ആരോടും പറയാതെ ഒതുങ്ങുകയായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടിൻറെ കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ അസ്മ എന്ന കഥാപാത്രമായെത്തി. പക്ഷേ പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല റിൻസ.പ്രേമമെന്ന സിനിമയിൽ അഞ്ജലി എന്ന ചെറിയ കഥാപാത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് റിൻസ ജേക്കബ്.

അതേസമയം പഠനത്തിൽ സമർത്ഥയായ റിൻസ ഇതിനിടയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ ദുബായിയിൽ സൈക്കോളജി ലക്ചററായി ജോലി ചെയ്യുകയാണ് റിൻസ. ഇൻസ്റ്റഗ്രാമിൽ സജീവമായ റിൻസയ്ക്ക് ഇരുപതിനായിരത്തിലേറെ ഫോളോവേഴ്സുണ്ട്. ബയോയിൽ ചൈൽഡ് സൈക്കോളജിസ്റ്റ് എന്നാണ് എഴുതിയിട്ടുള്ളത്. അതോടൊപ്പം തന്നെ പ്രേമം, കുട്ടൻപിള്ളയുടെ ശിവരാത്രി ആക്ട്രെസ് എന്നു കൂടി ബയോയിൽ റിൻസ ചേർത്തിട്ടുണ്ട്. അതിനാൽ തന്നെ അഭിനയം വിട്ടിട്ടില്ലെന്നാണ് സൂചന. ഇനിയും മികച്ച കഥാപാത്രങ്ങൾ വരും കാലങ്ങളിൽ റിൻസയെ തേടിയെത്താൻ ഇടയുണ്ട്.