ഷുഗര്‍ ടെസ്റ്റ് ചെയ്യും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ടെസ്റ്റ് ചെയ്യേണ്ടത് ആരൊക്കെ?

അമിത ദാഹവും വിശപ്പും, ഇടക്കിടെ മൂത്രംപോകൽ, കാര്യകാരണങ്ങളില്ലാതെ ശരീരഭാരം കുറയൽ, മുറിവുകൾ ഉണങ്ങാൻ താമസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രമേഹ പരിശോധന നടത്തണം.
അമിതവണ്ണമുള്ള, പ്രായപൂർത്തിയായവർ കൃത്യമായ ഇടവേളകളിൽ ഷുഗർ നോക്കണം.
മാതാപിതാക്കൾ പ്രമേഹം, അമിത രക്തസമ്മർദം, പി.സി.ഒ.ഡി. പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ മക്കൾ ഷുഗർ ടെസ്റ്റ് ചെയ്യേണ്ടതാണ്.
ഒരുതവണ ടെസ്റ്റ് ചെയ്തപ്പോൾ നേരിയ തോതിൽ ഷുഗർ വ്യതിയാനം കണ്ടവർ വർഷാവർഷമെങ്കിലും പുനർപരിശോധന നടത്തേണ്ടതാണ്.

ഗർഭകാല പ്രമേഹം അഥവാ ജി.ഡി.എം. ഒരു തവണയെങ്കിലും നിർണയിക്കപ്പെട്ടിട്ടുള്ളവർ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽപോലും മൂന്നുവർഷത്തിൽ ഒരു തവണയെങ്കിലും പരിശോധന നടത്തേണ്ടതാണ്. ജീവിതകാലം മുഴുവൻ പരിശോധന തുടരണം.
മേൽപ്പറഞ്ഞ യാതൊരു പ്രശ്നങ്ങളും ഇല്ലെങ്കിൽപോലും പ്രമേഹ പരിശോധന നടത്തുന്നത് ഉചിതമാണ്. പരിശോധനാ ഫലം നോർമലാണെങ്കിലും ഓരോ മൂന്നുവർഷവും തുടർപരിശോധനകൾ നടത്തേണ്ടതുമാണ്.

ടെസ്റ്റ് ചെയ്യാൻ പോകും മുമ്പ്

U Iറാൻഡം ബ്ലഡ് ഷുഗർ(RBS) മാത്രം പരിശോധിച്ചാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുകയില്ല.വെറുംവയറ്റിലെ ഷുഗർ പരിശോധന (FBS Fasting Blood Sugar), ഭക്ഷണം കഴിഞ്ഞ് ഒന്നര-രണ്ടു മണിക്കൂർ കഴിഞ്ഞുള്ള പരിശോധന (PPBS Post Prandial Blood Sugar), കഴിഞ്ഞ മൂന്നുമാസത്തെ ബ്ലഡ് ഷുഗറിന്റെ ശരാശരി കണക്കാക്കുന്ന ടെസ്റ്റ് (HbA1C) തുടങ്ങിയവ ചെയ്താൽ വളരെ നേരത്തേതന്നെ പ്രമേഹം കണ്ടുപിടിക്കാൻ സാധിക്കും.ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ടെസ്റ്റ് രാവിലെ വെറുംവയറ്റിലായിരിക്കണം. രാത്രിഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് എട്ട് മണിക്കൂർ കഴിഞ്ഞേ പരിശോധനയ്ക്ക് രക്തമെടുക്കാവൂ. രാവിലെ വെള്ളം അല്ലാതെ മറ്റെന്തെങ്കിലും കുടിക്കാനോ കഴിക്കാനോ പാടില്ല.

പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ കണക്കാക്കുന്നതിന് മുൻപ് 75 ഗ്രാം ഗ്ലൂക്കോസ് അല്ലെങ്കിൽ അന്നത്തെ നിങ്ങളുടെ പ്രഭാതഭക്ഷണം കഴിച്ച് ഒന്നര- രണ്ട് മണിക്കൂർ കഴിയണം.
പ്രമേഹരോഗിയാണെങ്കിൽ PPBS കണക്കാക്കുന്നതിന് മുൻപ് അന്ന് കഴിക്കേണ്ട ഗുളികകൾ മുഴുവൻ കഴിച്ചിട്ടുണ്ടാവണം. ഗുളിക കഴിക്കാതെ എത്ര കൂടുന്നുണ്ടെന്ന് നോക്കട്ടെ എന്ന മനോഭാവം പാടില്ല. മരുന്നുകൾ എത്രമാത്രം ഫലവത്താണെന്ന് നോക്കിയാണ് ഡോക്ടർമാർ ഡോസ് അഡ്ജസ്റ്റ് ചെയ്യുന്നതും ചില മരുന്നുകൾ നിർത്തുന്നതും. മരുന്ന് കഴിച്ചില്ലെങ്കിൽ ഷുഗർ കൂടുതൽ കാണിക്കുകയും ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തി തിരിച്ചറിയാൻ ബുദ്ധിമുട്ടാവുകയും ചെയ്യും.
എച്ച്.ബി.എ.വൺ.സി. ടെസ്റ്റിന്റെ മെച്ചമെന്താണ്?

എച്ച്. ബി.എ.വൺ.സി ടെസ്റ്റിനെക്കുറിച്ച് പലർക്കും അറിവില്ല. കഴിഞ്ഞ മൂന്നുമാസത്തെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കാൻ ചെയ്യുന്ന ഈ ടെസ്റ്റ്, ഒളിഞ്ഞിരിക്കുന്ന പ്രമേഹം കണ്ടെത്താൻ പ്രയോജനപ്പെടും. FBS ടെസ്റ്റിൽ നിങ്ങൾ തലേന്ന് രാത്രി കഴിച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റക്കുറച്ചിലുകൾ വരാം. PPBS ടെസ്റ്റിൽ അന്നത്തെ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മാറ്റംവന്നാൽ ഏറ്റക്കുറച്ചിലുകൾ വരാം. എന്നാൽ എച്ച്. ബി.എ.വൺ.സി. ടെസ്റ്റിനെ ഇതൊന്നും ബാധിക്കുന്നില്ല. പ്രമേഹം കണ്ടുപിടിക്കാനും, പ്രമേഹം ഉള്ളവരിൽ നിയന്ത്രണത്തിന്റെ അളവ് തിട്ടപ്പെടുത്താനും മാത്രമല്ല, ഭാവിയിൽ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വരുമോയെന്ന് ഒരുപരിധിവരെ പ്രവചിക്കാനും ഈ ടെസ്റ്റുകൊണ്ട് സാധിക്കും. ഇത് ചെയ്യുമ്പോൾ വെറുംവയറ്റിൽ ചെയ്യണം എന്നും നിർബന്ധമില്ല.

ടെസ്റ്റ് റിസൽറ്റുകൾവെച്ച് പ്രമേഹമുണ്ടെന്ന് എപ്പോൾ പറയാം?

ഭക്ഷണത്തിന് മുൻപ് രക്തത്തിലെ ഷുഗർ 126mg/dl-ൽ കൂടുതലും, ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ നില 200 mg/dl-ൽ കൂടുതലും, എച്ച്. ബി.എ.വൺ.സി 6.5 ശതമാനത്തിൽ കൂടുതലും അതുമല്ലെങ്കിൽ, ലക്ഷണങ്ങൾ ഉള്ളവരിൽ റാൻഡം ബ്ലഡ്ഷുഗർ 200 mg/dlൽ കൂടുതലും ഉണ്ടെങ്കിൽ പ്രമേഹമുണ്ടെന്ന് അനുമാനിക്കാം.

യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്ത ഒരാളാണെങ്കിൽ ഇതിൽ ഏതെങ്കിലും രണ്ടുടെസ്റ്റ് പോസിറ്റീവ് ആവുകയോ ഒരേടെസ്റ്റ് രണ്ടു വ്യത്യസ്ത സമയങ്ങളിൽ പോസിറ്റീവ് ആയാലോ പ്രമേഹരോഗം ഉണ്ടെന്ന് തീർച്ചയാക്കാം.
ഈ ടെസ്റ്റിന്റെയൊക്കെ നോർമൽ അളവ് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നോർമലിനും പ്രമേഹത്തിനും ഇടയ്ക്ക് പ്രീ ഡയബറ്റിക് എന്ന ഘട്ടമുണ്ട്. ഇത് നേരത്തേ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താൽ പ്രമേഹത്തിലേക്ക് പോകുന്നത് തടയാൻ സാധിക്കും.

ഭക്ഷണത്തിന് മുൻപ് രക്തത്തിലെ ഷുഗർ 100 mg/dl-ൽ കുറവും, ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ നില 140 mg/dl-ൽ കുറവും, കൂടെ എച്ച്. ബി.എ.വൺ.സി 5.7 ശതമാനത്തിൽ താഴെയുമാണെങ്കിൽ മാത്രമേ റിസൽറ്റ് പൂർണമായും നോർമൽ എന്ന് പറയാനാകൂ

Related posts