ക്രിക്കറ്റിന് ശേഷം ഷെഫ് കോഹലി?

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്തിലേക്കാവും ശ്രദ്ധ കൊടുക്കുക…ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആഗ്രഹമുള്ള ഒന്നാണത്. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ന്ന് കൊണ്ടുനടന്ന നാളുകള്‍ക്ക് കഴിഞ്ഞ് പോവുമ്പോള്‍ മറ്റെന്തിലേക്കാവും ശ്രദ്ധ കൊടുക്കുക…ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് കോഹ് ലി ഇപ്പോള്‍…ക്രിക്കറ്റ് അവസാനിപ്പിച്ച് കഴിയുമ്പോള്‍ എനിക്ക് പാചകത്തില്‍ താത്പര്യം തോന്നാനാണ് സാധ്യത എന്നാണ് കോഹ് ലി പറയുന്നത്. പെട്ടെന്ന് ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുള്ള പ്രകൃതമായത് കൊണ്ട് ബട്ടര്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോഹ് ലി ഉപേക്ഷിച്ചിരുന്നു. പക്ഷേ, വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് ഇത് തന്നെ പിന്നോട്ടു വലിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്.
കുട്ടിക്കാലം മുതലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ താത്പരനായിരുന്നു ഞാന്‍. ആ സമയം ജങ്ക് ഫുഡ് നിയന്ത്രണമില്ലാതെ കഴിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്നതിലൂടെ പല വ്യത്യസ്ത രുചികളും അറിയാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ പാചകം ചെയ്യില്ല. പക്ഷേ, ഫ്‌ലേവറുകള്‍ തിരിച്ചറിയാന്‍ എനിക്ക് പറ്റും. എത്ര നന്നായാണ് പാചകം ചെയ്തിരിക്കുന്നത് എന്ന് എനിക്കറിയാനാവും, കോഹ് ലി പറയുന്നു. എനിക്ക് പാചകം എളുപ്പം പഠിക്കാനാവും. ക്രിക്കറ്റ് അവസാനിപ്പിച്ച് കഴിയുമ്പോള്‍ എനിക്ക് താത്പര്യമുണ്ടാവുന്ന ഒന്ന് പാചകം ആയിരിക്കണം, കോഹ് ലി പറഞ്ഞു.

share this post on...

Related posts