എസി ബോട്ടിൽ ഒരു കായൽ സവാരി നടത്തിയാലോ?

കോവിഡ് മഹാമാരിയെ തുടർന്ന് താല്കാലികമായി നിർത്തിവെച്ചിരുന്ന എസി അതിവേഗ ബോട്ടുകൾ വീണ്ടും സർവീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏൽക്കാതെ, ഒന്നര മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത.എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി ബോട്ടുകളുള്ളത്.ലവിലെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ് പുനരാരംഭിക്കുക.എറണാകുളം റൂട്ടിൽ 2018ൽ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതൽ റൂട്ടുകളിൽ എ. സി ബോട്ട് സർവീസ് തുടങ്ങാൻ പദ്ധതിയിട്ടത്.

തുടർന്ന് ഈ വർഷം ആദ്യം ആലപ്പുഴയിൽ ആരംഭിച്ചു. വിനോദസഞ്ചാരികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവീസ് നിർത്തി വയ്ക്കുകയായിരുന്നു. എറണാകുളം വൈക്കം റൂട്ടിൽ എസി യാത്രയ്ക്ക് 80 രൂപയും നോൺ എസിയ്ക്ക് 40 രൂപയുമാണ് ഈടാക്കുന്നത്. ആലപ്പുഴ കോട്ടയം റൂട്ടിൽ എസി യാത്രക്കാർക്ക് 100 രൂപയും നോൺ എസിക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണ ബോട്ടുകൾ മണിക്കൂറിൽ 13-14 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ എസി ബോട്ടുകൾ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും.

ഒരു ബോട്ടിൽ 120 പേർക്ക് യാത്ര ചെയ്യാം. ബസിലേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്ക് ഒരേ സമയം യാത്ര ചെയ്യാനാകും എന്നതാണ് എസി ബോട്ടുകളുടെ പ്രത്യേകത. 40 സീറ്റുകൾ എസിയും 80 എണ്ണം നോൺ എസിയുമാണ്. 7.30 ന് രാവിലെ കോട്ടയത്ത് നിന്ന്പുറപ്പെട്ട് 9.30 ന് ആലപ്പുഴയിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.30 ന് ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് കോട്ടയത്ത് 7.30നും എത്തുന്ന തരത്തിലുമാണ് പാസഞ്ചർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് റോഡിലെ ഗതാഗത തടസ്സങ്ങളിൽപ്പെടാതെ കുറഞ്ഞ സമയംകൊണ്ട് ആലപ്പുഴയിൽ എത്താനാകും. ആലപ്പുഴക്കും കോട്ടയത്തിനുമിടയിൽ പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

Related posts