ഞാന്‍ ഭയന്നുവിറച്ചു, ‘കേണപേക്ഷിച്ചിട്ടും ഇടതുകണ്ണിലേക്ക് നിറയൊഴിച്ചു’; കണ്‍മുന്നില്‍വച്ച് ഭര്‍ത്താവ് പിടഞ്ഞുമരിച്ചു, ഞെട്ടിക്കുന്ന രാഷ്ട്രീയ കൊലപാതകം


കൊല്‍ക്കത്ത: ‘ഞാന്‍ ഭയന്നുവിറച്ചു. അക്രമിക്കൂട്ടത്തെ കണ്ട് മുന്നോട്ടോടി. ഞങ്ങളുടെ വീടും അവരുടെ ലക്ഷ്യമായിരുന്നു. ഞാന്‍ ഓടുന്നതു കണ്ടപ്പോള്‍ ഭര്‍ത്താവും ഓടാനാരംഭിച്ചു. പക്ഷേ, ശക്തമായ വെടിയൊച്ച കേട്ട് ഞാന്‍ തരിച്ചുപോയി. കണ്‍മുന്നില്‍വച്ച് ഭര്‍ത്താവ് പിടഞ്ഞുമരിച്ചു’ കഴിഞ്ഞദിവസം ബംഗാളില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ പ്രദീപ് മണ്ഡലിന്റെ ഭാര്യ പത്മ മണ്ഡല്‍ കരച്ചിലടക്കാനാകാതെ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തുടരുകയാണ്. രാഷ്ട്രീയ ഏറ്റുമുട്ടലില്‍ ഒറ്റ ദിവസം 4 പേരാണു കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ സന്ദേശ്ഗലിയില്‍ വെടിയേറ്റ് 3 ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടലില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരായ സുകാന്ത മണ്ഡല്‍, പ്രദീപ് മണ്ഡല്‍, ശങ്കര്‍ മണ്ഡല്‍ എന്നിവരും തൃണമൂല്‍ പ്രവര്‍ത്തകന്‍ ഖയൂം മുല്ലയുമാണു കൊല്ലപ്പെട്ടത്.
ഭര്‍ത്താവിന്റെ കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നു പത്മ മണ്ഡല്‍ ആരോപിച്ചു. തന്റെ കണ്‍മുന്നില്‍ ഭര്‍ത്താവ് വെടിയേറ്റു മരിക്കുന്നതു കാണേണ്ടി വന്നു. ഖയൂം മുല്ലയുടെയും ഷാജഹാന്‍ മുല്ലയുടെയും അക്രമിസംഘമാണു കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. അവര്‍ 400500 പേരുണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ തന്നെ ഭയമായി. ഇതുപോലൊരു രംഗം മുമ്പു കണ്ടിട്ടില്ല. പ്രദീപ് മണ്ഡലിനെ അവര്‍ ഉന്നമിട്ടിരുന്നു പത്മ ദേശീയ മാധ്യമത്തോടു പറഞ്ഞു.


പരിഭ്രാന്തിയില്‍ താനും ഭര്‍ത്താവും വ്യത്യസ്ത ദിശയിലേക്കാണ് ഓടിയത്. ഞാന്‍ അയല്‍വാസിയുടെ വീട്ടില്‍ക്കയറി. ഭര്‍ത്താവ് ഒളിക്കാനിടം തിരയുന്നതും തൃണമൂല്‍ ആക്രമികള്‍ പിന്തുടരുന്നതും അവിടെനിന്ന് എനിക്കു കാണാമായിരുന്നു. പ്രദീപിനെ ആക്രമികള്‍ വളഞ്ഞു. വലിയൊരു മനുഷ്യനാണ് ഭര്‍ത്താവ്. 90 മിനിറ്റോളം ഓടിയിട്ടും രക്ഷയില്ലാതായപ്പോള്‍ ഒരു കുളത്തിലേക്കു ചാടി. കീഴടങ്ങാം എന്ന സൂചനയോടെ കൈകള്‍ മുകളിലേക്കുയര്‍ത്തി. പക്ഷേ, അക്രമികള്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണിലേക്കു നിറയൊഴിച്ചു. ഭര്‍ത്താവ് മരിക്കുന്നതു നിസഹായയായി നോക്കിനില്‍ക്കേണ്ടി വന്നു പത്മ വിശദീകരിച്ചു.
ബിജെപിയുടെ പതാകകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണു സംഘര്‍ഷത്തിന്റെ തുടക്കം. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേരെ കാണാനില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ആറ് പ്രവര്‍ത്തകരെ കാണാനില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. കാണാതായെന്ന് ആരോപിക്കപ്പെട്ടവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം രംഗത്തെത്തി.

share this post on...

Related posts