ഒരു മികച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് ഒരു വിദഗ്ധ ഡ്രൈവറും തുടക്കക്കാരനും തമ്മില്‍ അവരുടെ ഡ്രൈവിങ് രീതികളില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ പഠനങ്ങള്‍ മികച്ച ഡ്രൈവര്‍മാര്‍ക്ക് ചില സ്വഭാവങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വ്യത്യാസങ്ങള്‍ വളരെ ചെറുതാണെങ്കിലും ഗൗരവകരമാണ്. തന്റെ അനുഭവപരിചയം കാരണം, വിദഗ്ധനായ ഒരു ഡ്രൈവര്‍ കാറിനെ വ്യത്യസ്തമായി പരിഗണിക്കുകയും ഓടിക്കുകയും ചെയ്യും. ഈ ശീലങ്ങള്‍ കുറച്ചൊക്കെ നൈസര്‍ഗികമാണെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പരിശീലനത്തിലൂടെ നമ്മുടെ ഡ്രൈവിങ് ഏറെ മെച്ചപ്പെടുത്താനും കഴിയും.
ക്ലച്ച് താങ്ങി ഓടിക്കില്ല
ഒരു മികച്ച ഡ്രൈവര്‍ ഒരിക്കലും ക്ലച്ച് പെഡലില്‍ കാല്‍വെച്ചോ ഭാഗികമായി അമര്‍ത്തിയോ വാഹനം ഓടിക്കില്ല. ഡ്രൈവിങില്‍ ആത്മവിശ്വാസം കുറയുമ്പോഴാണ് പലപ്പോഴും ക്ലച്ചിനെ ആശ്രയിക്കേണ്ടിവരുന്നത്. ക്ലച്ച് ഒന്നുകില്‍ പൂര്‍ണമായി അമര്‍ത്തുകയോ അല്ലെങ്കില്‍ പൂര്‍ണമായും വിച്ഛേദിക്കുകയോ വേണം. ക്ലച്ചില്‍ ചവിട്ടിക്കൊണ്ട് ഓടിക്കുന്നത് ഗിയര്‍ബോക്സിന്റെ അമിതമായ തേയ്മാനത്തിനും കാരണമാകും. തുടക്കക്കാര്‍ പലപ്പോഴും ഒരു ഫുട്റെസ്റ്റായി ക്ലച്ച് ഉപയോഗിക്കാറുണ്ട്. ഇത് തെറ്റായ സമ്പ്രദായമാണ്. ഈ ശീലമുള്ളവര്‍ ഓട്ടോമാറ്റിക് വാഹനങ്ങളുടെ ബ്രേക്കിലാകും കാല്‍വച്ച് ഓടിക്കുക. ഇതും ഒഴിവാക്കേണ്ടതാണ്.
ഇടവിട്ടുള്ള ബ്രേക്ക് ചവിട്ടല്‍
പരിചയസമ്പന്നനായ ഡ്രൈവര്‍ ഇടവിട്ട് ബ്രേക്ക് ചെയ്യുന്നയാളായിരിക്കും. ഒരുപക്ഷെ നമ്മുടെ ധാരണപ്രകാരം മികച്ച ഡ്രൈവര്‍ ബ്രേക്ക് തീരെ ചവിട്ടില്ല എന്നായിരിക്കും. എന്നാല്‍ വസ്തുത നേരേ തിരിച്ചാണ്. അവസാന നിമിഷം ബ്രേക്ക് ചവിട്ടുന്നത് അമിതമായ തേയ്മാനത്തിലേക്ക് നയിക്കും. ‘കുത്തിച്ചവിട്ടുക’ എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന പ്രതിഭാസമാണിത്. ഇത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. മുന്നില്‍ ഒരു ട്രാഫിക് ലൈറ്റ് ഉണ്ടെന്നും അത് ചുവപ്പായി മാറുമെന്നും നിങ്ങള്‍ കാണുകയാണെങ്കില്‍, ക്രമേണ ബ്രേക്ക് പ്രയോഗിക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ തവണയായി ബ്രേക്ക് അമര്‍ത്തി വേഗകുറച്ച് അവസാനം വാഹനം നിര്‍ത്തുക. ബ്രേക്ക് പാഡുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
റിയര്‍വ്യൂ മിററുകള്‍ ധാരാളമായി ഉപയോഗിക്കുക
വിദഗ്ധനായ ഡ്രൈവര്‍ എപ്പോഴും തന്റെ ചുറ്റുപാടുകള്‍ പരിശോധിച്ചുകൊണ്ടിരിക്കും. കാരണം ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ എന്തുചെയ്യുന്നുവെന്നും അവ എവിടെയാണെന്നും അറിഞ്ഞിരിക്കുന്നത് ഡ്രൈവിങില്‍ എല്ലായ്പ്പോഴും നല്ല കാര്യമാണ്. കൂടാതെ, കണ്ണാടികള്‍ തനിക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്യും. ഇത് ചെയ്യാതെ റിയര്‍വ്യൂ മിററുകള്‍ എവിടെയെങ്കിലും തട്ടി പൊട്ടുമെന്നുകരുതി മടക്കിവച്ച് ഓടിക്കുന്നവരെ കണ്ടാല്‍ ഒരുകാര്യം ഉറപ്പിക്കുക, അതൊരു മോശം ഡ്രൈവറാണെന്ന്.
ഗിയര്‍ ലിവര്‍ ആംറെസ്റ്റായി ഉപയോഗിക്കില്ല
വാഹനമോടിക്കുമ്പോള്‍ ഗിയര്‍ ലിവറില്‍ കൈ വയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. അതത്ര നല്ല കാര്യമല്ല. നിങ്ങള്‍ ഗിയര്‍ ലിവറില്‍ ബലം പ്രയോഗിക്കുന്നത് തുടരുകയാണെങ്കില്‍, അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ട്രാന്‍സ്മിഷനെ തകരാറിലാക്കും. കൂടാതെ, രണ്ട് കൈകളും സ്റ്റിയറിങ് വീലില്‍ എപ്പോഴും പിടിക്കക്കണമെന്നത് മോട്ടോര്‍ വാഹന നിയമങ്ങളിലുള്ളതുമാണ്. വാഹനത്തിന്റെ പൂര്‍ണ നിയന്ത്രണം നമ്മുക്ക് ലഭിക്കാനും ഇത് സഹായിക്കും. ഒരു വിദഗ്ധ ഡ്രൈവര്‍ ഗിയര്‍ മാറ്റുമ്പോള്‍ ഗിയര്‍ ലിവറില്‍ കൈ വയ്ക്കുകയും പിന്നീട് സ്റ്റിയറിങ്ങില്‍ കൈ തിരികെ വെക്കുകയും ചെയ്യും.
എഞ്ചിന് ചൂടാകാന്‍ അനുവദിക്കുക
എഞ്ചിന് ചൂടാക്കുക എന്നത് പലരും അനാവശ്യമായി കണക്കാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു വിദഗ്ധ ഡ്രൈവര്‍ എഞ്ചിന് ചൂടാകാന്‍ അനുവദിക്കും. ഇതിനര്‍ഥം, വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ചവിട്ടിയിരപ്പിക്കണം എന്നല്ല. കാര്‍ സ്റ്റാര്‍ട്…
അനാവശ്യമായി എഞ്ചിന് ഇരപ്പിക്കരുത്
പരിചയസമ്പന്നനായ ഡ്രൈവര്‍ക്ക് തന്റെ കാറിനെക്കുറിച്ച് വ്യക്തമായി അറിയാമായിരിക്കും. അത്തരമാളുകള്‍ എഞ്ചിന് അനാവശ്യമായി ഇരപ്പിക്കില്ല. എഞ്ചിന് ഉയര്‍ന്ന ആര്.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും കൂടുതല്‍ ഇന്ധനം കത്തിക്കുകയും ചെയ്യും. എഞ്ചിന് അനാവശ്യമായി പ്രവര്‍ത്തിപ്പിക്കുന്നത് എഞ്ചിന് ഘടകങ്ങളുടെ ആയുസ്സ് കുറയ്ക്കും.
അനാവശ്യമായി ഫാസ്റ്റ് ലൈനുകള്‍ ഉപയോഗിക്കില്ല
ഹൈവേകളില്‍ ഏറ്റവും വലതുവശത്തുള്ള പാത ഫാസ്റ്റ് ലൈന്‍ എന്നാണ് അറിയപ്പെടുന്നത്. അതിവേഗത്തില്‍ പോകുന്നവര്‍ക്കുവേണ്ടി ഒഴിച്ചിട്ടിരിക്കുന്ന പാതയാണത്. ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്കും ഫാസ്റ്റ് ലൈന്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഫാസ്റ്റ് ലൈനുകളില്‍ക്കൂടി അലസമായും കുറഞ്ഞ വേഗതയിലും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് നമ്മുടെ രാജ്യത്തെ പതിവുകാഴ്ച്ചയാണ്. നിയമങ്ങള്‍ അറിയാവുന്ന ഒരു ഡ്രൈവര്‍ ഇങ്ങിനെ ഒരിക്കലും ചെയ്യുകയില്ല.