ആലപ്പുഴയിൽ യാത്രക്കാർക്കായി വാട്ടർ ടാക്സിയും, കറ്റാമറൈൻ യാത്ര ബോട്ടുകളും!

catamaran boat

ആലപ്പുഴയിൽ യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ലക്ഷ്യമിട്ടാണ് പുതിയ സർവീസുകളായ വാട്ടർ ടാക്സിയുടെയും കറ്റാമറൈൻ യാത്ര ബോട്ടുകളും ആരംഭിച്ചത്. . ആദ്യ ഘട്ടത്തിൽ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടർ ടാക്സികളാണ് ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതിൽ ആദ്യത്തെ ബോട്ടാണ് നീറ്റിലിറങ്ങിയത്. വാട്ടർ ടാക്സി പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ബോട്ടുകളിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകൾ വാങ്ങാനാണ് ഭരണാനുമതി നൽകിയത്. ഇതിൽ ആദ്യത്തെ ബോട്ടാണ് സർവീസ് ആരംഭിക്കുന്നത്. മറ്റു ബോട്ടുകളും ഉടൻ സർവീസ് തുടങ്ങും. ബോട്ടുകളിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷയും ഉണ്ടാവും.വാട്ടർ ടാക്സിയിൽ പത്തു പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

കറ്റാമറൈൻ ബോട്ടുകളിൽ 100 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം. 20.5 മീറ്റർ നീളവും ഏഴു മീറ്റർ വീതിയുമുള്ള അത്യാധുനിക ബോട്ടിന് ഏഴു നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാവും. റോഡിലെ കുരുക്കും മലിനീകരണവും വർധിച്ച സാഹചര്യത്തിൽ ജലഗതാഗതത്തിന് പുതിയ സാധ്യത തുറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജലഗതാഗതവും ജലപാതകളും വികസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്.റോഡുകളുടെയും മോട്ടോർ വാഹനങ്ങളുടെയും വരവോടെയാണ് ജലഗതാഗതം കേരളത്തിൽ കുറഞ്ഞത്. അതോടൊപ്പം റോഡ് ഗതാഗതത്തിന് സമാന്തരമായി ജലയാത്രാമാർഗം സംസ്ഥാനത്ത് പലയിടത്തും ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത വികസനം പൂർത്തിയാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നു. ഇത് യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും മലിനീകരണ മുക്ത ഗതാഗതത്തിനും കൂടുതൽ സൗകര്യം തുറന്നുകിട്ടും.

Related posts