ഉറങ്ങുന്നതിനു മുൻപ് പാദം കഴുകണം എന്ന് പറയുന്നതിന് പിന്നിൽ…..

നമ്മുടെ പല ജീവിത ശൈലികളും രീതികളും നല്ല ആരോഗ്യത്തിനെ സഹായിക്കുന്ന ഒന്നാണ്. ഇതിൽ പലതും പണ്ട് മുതലേ നമ്മുടെ കാരണവന്മാർ പറഞ്ഞു തന്നതുമാണ്. വൃത്തിഹീനമായ ശരീരം രോഗാണുക്കളുടെ കൂടാരമായിരിക്കും. പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു കേള്‍ക്കുന്ന വൃത്തി ശൈലികളിൽ ഒന്നിൽ പ്രധാനപ്പെട്ട ഒന്നാണ് ഉറങ്ങുന്നതിനു മുൻപ് കാല്‍ കഴുകണം എന്നത്. പാദത്തില്‍ അഴുക്കു വച്ചു കിടക്കാന്‍ പാടില്ലെന്നാണ് പണ്ടുള്ളവർ പറയുന്നത്. ഇതിൽ ശരിക്കും എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവും.

ആയുർവേദത്തിൽ ഇതിനെ പറ്റി പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. ആയുര്‍വേദത്തിലെ അഗ്നി എന്ന ഘടകവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് പാദം. പാദം കഴുകുന്നതിലൂടെ അഗ്നി കെടുന്നു എന്നാണ് പറയുന്നത്. ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. മാത്രമല്ല, താപനില വര്‍ദ്ധിയ്ക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. അതേസമയം, പാദത്തില്‍ പള്‍സ് പോയന്റുകൾ അടങ്ങിയിട്ടുണ്ട്. ഒപ്പം ധാരാളം നാഡികള്‍ സന്ധിയ്ക്കുന്ന ഭാഗം കൂടിയാണ് പാദത്തിന്റെ അടിഭാഗം എന്നത്. അതിനാൽ ഇവിടം വെള്ളമൊഴിച്ച് കഴുകുന്നതിലൂടെ നാഡികളിൽ തണുപ്പ് അനുഭവപ്പെടുന്നു.

മാത്രമല്ല ഇത് ശരീരത്തിന് കൂളിംഗ് ഇഫക്ട് നല്‍കുന്നു. കൂടാതെ നല്ല ഉറക്കത്തിന് മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായിക്കുന്നു. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും പാദം കഴുകുന്നതിലൂടെ സാധിക്കുന്നുണ്ട്. എന്നാൽ കിടക്കാന്‍ നേരം കാല്‍ കഴുകുന്നതു മാത്രമല്ല, കാല്‍ അല്‍പനേരം തണുത്ത വെളളത്തിലോ ഇളം ചൂടുവെള്ളത്തിലോ ഇറക്കി വയ്ക്കുന്നത് മനസിനും ശാന്തതയും, ശരീരത്തിന് ആശ്വാസവും നല്‍കുന്ന ഒന്നു കൂടിയാണ്.

Related posts