‘ജാഗ്രത’… വരാനിരിക്കുന്ന അഞ്ചു വര്‍ഷം ലോകം പോകുന്നത് കൊടുചൂടിലേക്ക്; ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് റിപ്പോര്‍ട്ടുകള്‍

ജനീവ: വരാനിരിക്കുന്ന അഞ്ചു വര്‍ഷം ലോകം കൊടുചൂടിലേക്കാണു നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2023 വരെയുള്ള കാലയളവായിരിക്കും ചൂടിന്റെ കാര്യത്തില്‍ പുതിയ ഉയരങ്ങള്‍ തേടുക. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) നേതൃത്വത്തില്‍ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ 1850നു ശേഷം ഇന്നേവരെയുണ്ടായ ഏറ്റവും കാഠിന്യമേറിയ ചൂട് ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലായിരുന്നു. അതില്‍ത്തന്നെ 2016ലായിരുന്നു ഏറ്റവും കാഠിന്യമേറിയ ചൂട്. കാഠിന്യമേറിയ ചൂട് അനുഭവപ്പെട്ട വര്‍ഷങ്ങളില്‍ 2018നു നാലാം സ്ഥാനമാണെന്നും ഡബ്ല്യുഎംഒയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 20 വര്‍ഷങ്ങളും ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെയാണുണ്ടായത്. ലോകത്തു കഴിഞ്ഞ വര്‍ഷമുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളുടെ (ണലമവേലൃ ലഃേൃലാല) പട്ടികയില്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെ ഉള്‍പ്പെടുത്തി 2018 നവംബറില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയതിനു ശേഷമുള്ള ഡബ്ല്യുഎംഒയുടെ പ്രധാന പഠനങ്ങളിലൊന്നായിരുന്നു ഇത്. കലിഫോര്‍ണിയ, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിലെ വരള്‍ച്ച തുടങ്ങിയവയും അന്നു പട്ടികയില്‍പ്പെട്ടിരുന്നു. അപ്രതീക്ഷിതവും അസ്വാഭാവികവും പ്രവചനാതീതവും കാലംതെറ്റിയുമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചുണ്ടായ ദുരന്തസമാനമായ കാലാവസ്ഥാ പ്രശ്‌നങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

രാജ്യാന്തര തലത്തില്‍ കാലാവസ്ഥ സംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും വരെ തകിടം മറിക്കുന്ന വിധമായിരുന്നു 2018ലെ കാലാവസ്ഥാ ദുരന്തങ്ങള്‍. ലക്ഷക്കണക്കിനു പേരെയാണ് ഇതു ബാധിച്ചത്. ലോകത്തു ചൂടേറുന്നത് അപ്രതീക്ഷിതമായുണ്ടായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂമിക്കു ഭീഷണിയാകും വിധം താപനിലയില്‍ വന്‍വര്‍ധനവാണ് വരുംവര്‍ഷങ്ങളിലുണ്ടാവുക. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഭരണതലത്തില്‍ തന്നെ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥയുടെ കാര്യത്തില്‍ മികച്ച പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കേണ്ട സമയമായെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും റിപ്പോര്‍ട്ടിന്മേലുള്ള പ്രതികരണമായി ട്വീറ്റ് ചെയ്തു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം റെക്കോര്‍ഡ് തലത്തിലാണു ലോകത്ത് ഹരിതഗൃഹവാതകങ്ങള്‍ പ്രതിദിനം സൃഷ്ടിക്കപ്പെടുന്നത്. ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതില്‍ നിന്നാണ് ഇതില്‍ ഭൂരിപക്ഷവും. ഈ ഹരിതഗൃഹവാതകങ്ങളാണ് ചൂടിനെ ‘കുരുക്കിലാക്കി’ അന്തരീക്ഷത്തില്‍ നിലനിര്‍ത്തുന്നതും. വ്യാവസായിക വിപ്ലവ കാലത്തേക്കാള്‍ രാജ്യാന്തര തലത്തില്‍ ഉപരിതല താപനില കഴിഞ്ഞ വര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായാണ് ഡബ്ല്യുഎംഒ റിപ്പോര്‍ട്ടിലുള്ളത്.


യുഎസ്, ബ്രിട്ടിഷ്, യൂറോപ്യന്‍, ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സികളില്‍ നിന്നുള്ള വിവരം ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ), നാസ എന്നിവ ഉള്‍പ്പെടെ അഞ്ച് ഏജന്‍സികള്‍ ഡേറ്റ കൈമാറി. ഓരോ വര്‍ഷത്തെയും താപനിലയിലുണ്ടാകുന്ന വ്യതിചലനത്തേക്കാള്‍ ആഗോളതലത്തില്‍ വര്‍ഷങ്ങളായി തുടരുന്ന വ്യതിയാനമാണ് ഗവേഷകര്‍ കൂടുതല്‍ ആശങ്കയോടെ കാണുന്നത്. അതാകട്ടെ ഭയപ്പെടുത്തും വിധം ഓരോ വര്‍ഷവും വര്‍ധിക്കുകയുമാണ്. ആഗോളതാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് രൂപം കൊടുത്ത പാരിസ് ഉടമ്പടിയും ഫലപ്രദമായില്ലെന്നാണു വിലയിരുത്തല്‍. ഇരുനൂറോളം രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. ജൈവഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുകയും അതുവഴി ആഗോളതാപനിലയിലെ വര്‍ധന വ്യാവസായിക വിപ്ലവ കാലത്തേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മാത്രം ഉയരാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. കഠിനമായി പരിശ്രമിച്ചാല്‍ ഇത് 1.5 ഡിഗ്രിയിലേക്കു താഴ്ത്താമെന്നും 2015ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത 30 വര്‍ഷം കൊണ്ടാണ് സാധ്യമാക്കേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്കും താപനിലയില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസോ അതിലേറെയോ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2030നും 2052നും ഇടയ്ക്ക് പലപ്പോഴായി 1.5 ഡിഗ്രിയെന്ന അളവുകോലിനെ മറികടന്ന് ആഗോളതാപനില കുതിച്ചു കയറാമെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സൗരവാതം, കൊടുങ്കാറ്റ്, വരള്‍ച്ച, കരയിടിച്ചില്‍, വംശനാശം, സമുദ്രജലനിരപ്പ് ഉയരല്‍ തുടങ്ങി വന്‍ ദുരന്തങ്ങളും ഇത്തരം സാഹചര്യത്തിലുണ്ടാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.


വര്‍ഷങ്ങളായി തുടരുന്ന ആഗോളതാപനത്തിന്റെ തിരിച്ചടികള്‍ ഇതിനോടകം പലയിടത്തും പ്രകടമായിക്കഴിഞ്ഞു. തീരമേഖലകളിലെ വെള്ളപ്പൊക്കം, സൗരവാതം, കൊടുംമഴ, ആവാസവ്യസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഉദാഹരണം. കഴിഞ്ഞ വര്‍ഷം യുഎസിനു മാത്രം നേരിടേണ്ടി വന്നത് 14 കാലാവസ്ഥാ ദുരന്തങ്ങളാണ്. ഓരോന്നും സൃഷ്ടിച്ചത് 100 കോടി ഡോളറിന്റെ നാശനഷ്ടം. ചുഴലിക്കാറ്റും കാട്ടുതീയുമെല്ലാം ഉള്‍പ്പെടെയാണിത്. 2019ലും സ്ഥിതി വ്യത്യസ്തമല്ല. വര്‍ഷം ആരംഭിച്ചതു തന്നെ ഓസ്‌ട്രേലിയയില്‍ നിന്നു കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വാര്‍ത്തയുമായിട്ടായിരുന്നു. ഇക്കാലത്തിനിടെ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ജനുവരിയാണു കടന്നു പോയത്. യുഎസിന്റെ പല ഭാഗങ്ങളിലും ആരെയും മരവിപ്പിക്കുന്ന കൊടുംതണുപ്പ് അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. മനുഷ്യരുടെ പ്രവര്‍ത്തനം മൂലമല്ലാതെ എല്‍ നിനോ പോലുള്ള പ്രതിഭാസങ്ങളും കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പോന്നതാണ്. അതിനിടെയാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോഴും ആഗോളതാപനത്തെപ്പറ്റി ഒരു വാക്കുപോലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മിണ്ടിയില്ല. ‘കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്‌നം വരാനിരിക്കുന്നതല്ല, അത് നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുകയാണ്’ എന്ന നെതര്‍ലന്‍ഡ്‌സിലെ ഗ്ലോബല്‍ സെന്റര്‍ ഓണ്‍ അഡാപ്‌റ്റേഷന്‍ തലവന്‍ പാട്രിക് വെര്‍ക്കൂയ്‌യെന്നിന്റെ വാക്കുകളില്‍ത്തന്നെയുണ്ട് ലോകത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ദുരന്തത്തെപ്പറ്റിയുള്ള സൂചനകള്‍.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts