ചന്ദ്രയാന്‍ 2 ചന്ദ്രഭ്രമണപഥത്തില്‍ …കാത്തിരിക്കാം സോഫ്റ്റ് ലാന്‍ഡിംഗിനായി

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ചാന്ദ്രഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 1738 സെക്കന്‍ഡ് (28.96 മിനുട്ട്) നേരം ഉപഗ്രഹത്തിലെ പ്രപല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ ചന്ദ്ര ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ന് രാവിലെ 9:02 ഓടെയാണ് ഭ്രമണപഥ പ്രവേശനം പൂര്‍ത്തിയാക്കിയതെന്ന് ഇസ്‌റോ അറിയിച്ചു. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്‌റോ അറിയിച്ചു. ഇനി 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

share this post on...

Related posts