സവര്‍ണ ജീര്‍ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് ഭാരവാഹികളാണ് നിരാശപ്പെടുത്തിയത്’..വി.ടി ബല്‍റാം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തെ ശക്തമായി അപലപിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബി.എക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എം.ബി.ബി.എസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. അവിടെ സവര്‍ണ ജീര്‍ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയതെന്ന് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

‘ഞാന്‍ മേനോനല്ല. ദേശീയ പുരസ്‌ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. ‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’- ബിനീഷ് ബാസ്റ്റിന്‍

ചില നിവര്‍ന്നു നില്‍ക്കലുകളേപ്പോലെത്തന്നെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എംബിബിഎസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?- വി.ടി ബല്‍റാം ചോദിക്കുന്നു.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തി.

വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്. കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ പറഞ്ഞയി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിച്ചു. എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ ബിനീഷ് തയ്യാറായില്ല. അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച് രണ്ടുവാക്ക് സംസാരിച്ചാണ് പോയത്.

share this post on...

Related posts