കായിക മൈതാനങ്ങള്‍ ഓര്‍മയാകുന്നുവെന്ന് പഠന റിപോര്‍ട്ട് 


നഗരവല്‍ക്കരണത്തിലൂടെ നഷ്ടമായതാണ് നാടിന്റെ ശ്വാസകോശമായ വെളിമ്പുറങ്ങള്‍. പരിഷ്‌കാരികള്‍ ചേക്കേറിയ നഗങ്ങളില്‍ പുനര്‍ചിന്തനത്തിലൂടെ മൈതാനങ്ങള്‍ തിരികെ കിട്ടിയിട്ടുണ്ട്. എന്നാല്‍ അനുദിനം നഗരമാകാന്‍ വെമ്പുന്ന നാട്ടിന്‍പുറങ്ങളില്‍ മൈതാനങ്ങളില്ലാതാകുകയാണ്. മുമ്പ് അഞ്ചിനും 20നും ഇടയിലുള്ള കുട്ടികള്‍ സമയം ചിലവിട്ടിരുന്നത് അമ്പലപ്പറമ്പുകളിലും പുഴയിലും കുളത്തിലുമൊക്കെയായിരുന്നു. സ്‌കൂള്‍ പറമ്പുകളും പൊതുസ്വത്തായിരുന്നു. ഇപ്പോഴും പൊതുസ്വത്തെന്നാണു പറയുന്നതെങ്കിലും വേലിക്കെട്ടുകള്‍ ഇവയെ പൊതു ഉപയോഗത്തില്‍ നിന്നും വിലക്കുന്നു. മൈതാനങ്ങളില്‍ അന്യമതസ്ഥര്‍ വരുന്നത് വിലക്കുന്ന ചില ആരാധനാലയങ്ങളെങ്കിലുമുണ്ട്. പലയിടത്തും ഇത് വിലക്കാനായി മതിലുകള്‍ കെട്ടുന്നു. സ്‌കൂളുകളില്‍ ഇത് പിടിഎയാണ് നടപ്പാക്കുന്നത്. സ്വകാര്യ ഭൂമി വെറുതേ നാട്ടുകാര്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് കേസും വഴക്കും ഭയന്ന് പലരും നിര്‍ത്തി. വാഹനങ്ങളുടെ തിരക്കുമൂലം സ്‌കൂളുകള്‍ക്കു വെളിയില്‍ കറക്കം പതിവല്ല. ഏതു വിഭാഗത്തില്‍പെട്ട വിദ്യാലയത്തിന്റെയും മുഖ്യാവശ്യം വാഹനമായതോടെ കുട്ടികള്‍ക്ക് ഓന്തിനെ കല്ലെറിഞ്ഞും തോട്ടില്‍ പടക്കം പൊട്ടിച്ചും സ്‌കൂളിലേക്കു പോകാനുള്ള സാധ്യത ഇല്ലാതായി. കുട്ടികളുടെ കായികശേഷി വികസനത്തിന് തുലോം കുറഞ്ഞ പ്രാധാന്യമാണ് സമൂഹമിന്ന് കല്‍പിക്കുന്നത്. കായികാസ്വാദനം ടിവിക്കും കംപ്യൂട്ടറിനും മുന്നിലായി. കളികള്‍ കംപ്യൂട്ടര്‍ ഗെയിമുകളായി എന്നത് പറയേണ്ടല്ലോ. ഇത്തരം സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഓരോ ഗ്രാമത്തിലും തുറസുകള്‍ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത്.

share this post on...

Related posts