
വിജയ് സേതുപതിയെ നായകനാക്കി നിത്യ മേനോനെയും ഉൾപ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് 19(1)(എ). ഇന്ദു വിഎസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ശ്രീകാന്ത് മുരളിയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിജയ് സേതുപതി വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയോടെയാണ് ഈ ചിത്രത്തിനുള്ളത്. മാത്രമല്ല ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ഇന്ദ്രൻസും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. വിജയ് സേതുപതിയ്ക്കൊപ്പം ഗോവിന്ദ് വസന്ത ചേരുന്ന പുതിയ ചിത്രമാണ് ഇതെന്നതും ഒരു പ്രത്യേകതയാണ്. അതേസമയം ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ നിയമത്തിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ പരാമർശിക്കുന്ന ഭാഗമാണ് ആർട്ടിക്കിൾ 19 (1)(എ). ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരുന്നത് നടൻ പൃഥ്വിരാജാണ്. അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുകൊണ്ടായിരുന്നു പൃഥ്വിരാജ് പോസ്റ്റർ പങ്കുവെച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് 19 (1)(എ).
