വെള്ളപ്പങ്ങാടിയിലെ വെള്ളപ്പം കഴിച്ചിട്ടുണ്ടോ

vellappam4

വെള്ളപ്പങ്ങാടി… എന്ന് കേട്ടിട്ടുണ്ടോ? എങ്കില്‍ കേള്‍ക്കേണ്ടതാണ്. ഇത് കേട്ട് നെറ്റി ചുളിക്കുന്നവരോട് മുഖവുരയില്ലാതെ കാര്യം പറയാം. സ്വാദിഷ്ടമായ വെള്ളപ്പം കഴിക്കണമെങ്കില്‍ വരാം, തൃശൂരിലെ വെള്ളപ്പങ്ങാടിയിലേക്ക്. സ്വരാജ് ഗ്രൗണ്ടിന് സമീപം ഒരു പോക്കറ്റ് റോഡുണ്ട്. ഇതുവഴി നേരെ പോയാല്‍ വെള്ളപ്പങ്ങാടിയിലെത്താം. അങ്ങാടിയിലെ വീടുകള്‍ക്ക് മുന്നില്‍ എല്ലാം നിരരയായി വെള്ളപ്പച്ചട്ടികള്‍ കാണാം. ചട്ടിയില്‍ നിന്നും ചുട്ടെടുത്ത സ്വാദേറിയ വെള്ളപ്പം സമീപത്തായി കുമിഞ്ഞുകൂടുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ പാചക രീതി. മണ്ണടുപ്പില്‍ കനലിലാണ് ഇവിടെ വെള്ളപ്പം ചുട്ടെടുക്കുന്നത്.
മൃദുലവും വ്യത്യസ്ത രുചിയുള്ളതുമാണ് ഇവിടത്തെ വെള്ളപ്പം. അതുകൊണ്ടുതന്നെ നിരവധി ഭക്ഷണപ്രേമികളാണ് വെള്ളപ്പം കഴിക്കാന്‍ മാത്രമായി തൃശൂരിലെ വെള്ളപ്പങ്ങാടിയിലെത്തുന്നത്.

അതിരാവിലെയും വൈകുന്നേരവുമാണ് വെള്ളപ്പങ്ങാടിയില്‍ കച്ചവടം പൊടിപൊടിക്കുന്നത്. ഒരു ദിവസം ഒരു കച്ചവടക്കാരന്‍ 500 വെള്ളപ്പമെങ്കിലും വിറ്റഴിക്കും. ഒരു വെള്ളപ്പത്തിന് മൂന്ന് രൂപയാണ് ഈടാക്കുന്നത്. കൂടാതെ വെള്ളപ്പം വിവിധയിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. പഴമ നിലനിര്‍ത്തിയുള്ള പാചക രീതി തന്നെയാണ് വെള്ളപ്പങ്ങാടിയിലെ വെള്ളപ്പത്തെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ആഹാരമാക്കുന്നത്. 100 അപ്പത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ കാറ്ററിംഗ് സര്‍വീസും ഇവിടെ നിന്ന് ലഭ്യമാണ്.

share this post on...

Related posts