മര്യാദയുള്ള ആരെങ്കിലും കേസെടുക്കുമോ; സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്തതെന്ന് വി.ഡി.സതീശന്‍

സ്വപ്‌ന കുറ്റസമ്മത മൊഴി കൊടുത്തതിനെ തുടര്‍ന്ന് ഭീതിയിലും വെപ്രാളത്തിലുമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരിഭ്രാന്തിയിലായ മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളെ വിസ്മയിപ്പിക്കുകയാണ്. സ്വപ്‌നക്കും പി.സി.ജോര്‍ജിനുമെതിരെ കേസ് എടുത്തത് കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഈ അന്വേഷണവുമായി ബന്ധമില്ലാത്ത പാലക്കാട്ടെ വിജിലന്‍സ് കള്ളക്കടത്ത് കേസിലെ പ്രതിയെ തട്ടികൊണ്ടു പോയി അയ്യാളെ നാലു മണിക്കൂര്‍ ചോദ്യം ചെയ്ത് ഫോണ്‍ പിടിച്ചെടുത്ത ശേഷം വഴിയിലിറക്കി വിട്ടു. ഇപ്പോള്‍ ഇങ്ങനൊരു മൊഴി കൊടുത്തതിന്റെ പേരില്‍ കേസ് എടുത്തിരിക്കുകയാണ്. കോടതിയുടെ വരാന്തയില്‍ കേസ് നില്‍ക്കുമോ. സാമാന്യ മര്യാദയുള്ള ആരെങ്കിലും ഇങ്ങനെയൊരു കേസെടുക്കുമോ. മജിസ്‌ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യമായി കുറ്റസമ്മത മൊഴി കൊടുത്തതിനെതിരെ കേസെടുത്താല്‍ ആ കേസ് നിലനില്‍ക്കുമോയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

എന്നിട്ട് ആ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെ 10 ഡിവൈഎസ്പിമാരും രണ്ട് സിഐമാരും ഉള്‍പ്പെടുയുള്ള 12 അംഗം സംഘം. ഇത് ബോധപൂര്‍വം പേടിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇനി ആരും മൊഴി കൊടുക്കരുതെന്നുള്ളതാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഇതുവരെ പൊലീസ് അന്വേഷിക്കാത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം ശക്തിപ്പെടുത്തുക. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണ കമ്മീഷന്റെ കാലവാധി നീട്ടുക. ഇതെല്ലാം ഞങ്ങള്‍ക്കെതിരായി ആരെങ്കിലും തെളിവുകൊണ്ടുവന്നാല്‍ ഇതായിരിക്കും ഗതിയെന്ന് ഭീഷണിപ്പെടുത്തുകയാണ്.

മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുത്തതിന്റെ പേരിലല്ലേ ഇപ്പോഴത്തെ ബഹളം. ഇത് നേരത്തെ കൊടുത്ത മൊഴി തന്നെയാണല്ലോ. ഒരേ കാര്യത്തില്‍ മൂന്നാം തവണയാണ് മൊഴി കൊടുത്തിരിക്കുന്നത്. പിന്നെന്തിനാണ് ഈ സര്‍ക്കാര്‍ ഇതിനെ ഭയപ്പെടുന്നത്. ഇത്രയും ഗൗരവകരമായ വെളിപ്പെടുത്തലുകള്‍ പ്രതി നടത്തിയിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചു പോയത് എന്നതില്‍ ബിജെപി മറുപടി പറയണം. സിപിഐഎം ബിജെപി ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇടനിലക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഈ പ്രശ്‌നം പരിഹരിക്കാനെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Related posts