11 മാസം നദിക്കടിയിലാവുന്നു; പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഗ്രാമം

കുര്‍ദ്ദി എന്നൊരു അതിമനോഹരമായൊരു ഗ്രാമമുണ്ട് ഗോവയില്‍. മിക്കപ്പോഴും ഗ്രാമം വെള്ളത്തിനടിയിലായിരിക്കും. വല്ലപ്പോഴുമാണ് അത് പുറത്ത് ദൃശ്യമാവുക. ഗോവയിലെ സലൗലിം ഡാം സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളൊക്കെ പോകാറുണ്ട്. ഏതായാലും സലൗലിം നദിയുടെ തീരത്താണ് കുര്‍ദ്ദി. പക്ഷെ, ഓരോ വര്‍ഷവും ഈ ഗ്രാമം കുറച്ച് കാലം കാണാതാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൊല്ലത്തില്‍ ഒറ്റ മാസം മാത്രമേ ഈ ഗ്രാമം കാണാനാകൂ. ബാക്കി 11 മാസങ്ങളിലും ഈ ഗ്രാമം നദിയിലേക്ക് തിരികെ പോവും.
3000 പേര്‍ താമസിച്ചിരുന്ന വയലുകളൊക്കെയുള്ള അതിമനോഹരമായൊരു ഗ്രാമമായിരുന്നു കുര്‍ദ്ദിയൊരിക്കല്‍. നിരവധി അമ്പലങ്ങളും ചാപ്പലുകളും പള്ളികളും അവിടെയുണ്ടായിരുന്നു. പക്ഷെ, 1965 -ല്‍ കാര്യങ്ങളാകെ മാറിമറിഞ്ഞു. അവിടെ ആദ്യത്തെ ഡാം നിര്‍മ്മിക്കാന്‍ ഗോവ മുഖ്യമന്ത്രി ആയിരുന്ന ദയാനന്ദ് ബന്ദോദ്ക്കര്‍ നിര്‍ദ്ദേശിച്ചതോടെ ഒരു ഗ്രാമത്തിന് തന്നെ രൂപമാറ്റം സംഭവിച്ചു. ഗോവയിലെ എല്ലാ ജനങ്ങള്‍ക്കും ഗുണകരമാവുമെന്ന ചിന്തയില്‍ നിന്നാണ് സലൗലിമില്‍ ഡാം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. അത് പക്ഷെ, ഗ്രാമത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. കുടിക്കാനും കൃഷിക്കും വ്യാവസായികാവശ്യങ്ങള്‍ക്കും എല്ലാമുള്ള വെള്ളം ഡാം നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി. പക്ഷെ, അവിടെ താമസിച്ചിരുന്ന ജനങ്ങളെ എല്ലാം അവിടെ നിന്നും മാറ്റേണ്ടി വന്നു. മണ്‍സൂണ്‍ വന്നതോടെ 634 കുടുംബങ്ങള്‍ അവരുടെ സ്ഥലത്ത് നിന്നും മാറി. എന്നേക്കുമായി ഗ്രാമമുപേക്ഷിച്ച് നഷ്ടപരിഹാരവുമായി അവര്‍ വേറെ സ്ഥലത്തേക്ക് പോയി. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഗ്രാമം തെളിഞ്ഞ് തുടങ്ങും. മുറിപ്പെട്ടുപോയ മരങ്ങള്‍, ഒരു കാലത്ത് ജീവിതത്തിന്റെ ഭാരം പേറിയിരുന്ന വീടുകള്‍, ആരാധനാലയങ്ങള്‍ എല്ലാം ശേഷിപ്പുകളായി അവിടെ തുടരുന്നു.

share this post on...

Related posts