ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ സാമ്പത്തിക തട്ടിപ്പ്; വിഎസ് പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മാതൃഭൂമി, വിഎസിന്റെ വാര്‍ത്തമുക്കാന്‍ ലക്ഷങ്ങളുടെ പരസ്യവുമായി ബോബി ചെമ്മണ്ണൂര്‍

boby chemmannru

boby chemmannru
കെ.എസ് സൂരജ്
കോഴിക്കോട്: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിഎസ് നടത്തിയ പ്രസ്താവ മുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് നല്‍കിയത് ലക്ഷങ്ങളുടെ പരസ്യം. ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് നടത്തുന്ന അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കോടികളുടെ തട്ടിപ്പു നടക്കുന്നുണ്ടെന്നായിരുന്നു വി.എസ് അച്യുതാനന്ദന്റെ ആരോപണം. സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിനെതിരെ പ്രസ്താവനയുമായി വിഎസ് രംഗത്തെത്തിയത്.
വിഎസിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം തന്നെ എഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെ കൂടുതല്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടാന്‍ തുടങ്ങിയതോടെയാണ് ലക്ഷങ്ങളുടെ പരസ്യം മുന്‍നിര മാധ്യമങ്ങള്‍ക്ക് നല്‍കി വാര്‍ത്ത മുക്കിയത്.

1-home-boby-chemmannour
മനോരമയും, മാതൃഭൂമിയും, മംഗളവും, മാധ്യമവും പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍മാറി. പകരം ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ലക്ഷങ്ങളുടെ പരസ്യമാണ് എല്ലാവരും കഴിഞ്ഞ ദിവസങ്ങളിലായി പത്രത്തിലും ഓണ്‍ലൈനുകളിലും പ്രസിദ്ധീകരിച്ചത്. ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങ് നിമാനുസൃതമാണ് എന്ന തലക്കെട്ടിലാണ് പരസ്യം തുടങ്ങുന്നത്. 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും ഇന്ത്യ, കുവൈത്ത്, യുഎഇ., മാലേഷ്യ, യുഎസ്എ എന്നീ രാജ്യങ്ങളിലായി 43 ഷോറൂമുകളുള്ളതും ഏഴായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനെതിരെ ചില തല്‍പ്പര കക്ഷികള്‍ ബിസിനസ് നേട്ടങ്ങള്‍ക്കായി നടത്തുന്ന കുപ്രചരങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുള്ളതാണെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ വിഎസ് നടത്തിയ ആരോപണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്ന പദ്ധതി. വന്‍ പരസ്യം ഓണ്‍ലൈനുകള്‍ക്കും പത്രങ്ങള്‍ക്കും ബോബി ചെമ്മണൂര്‍ നല്‍കിയതോടെ വിഎസ് ഉന്നയിച്ച എല്ലാ സാമ്പത്തിക ആരോപണങ്ങളും പ്രമുഖ്യ മാധ്യമങ്ങള്‍ ഇല്ലാതാക്കി.

images

കേരളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയില്‍ വിഎസിന്റെ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോഴിക്കോട് ഓഫിസില്‍ തിരക്കിയ എഡിറ്ററിന്റെ റിപ്പോര്‍ട്ടിന് ലഭിച്ച മറുപടി ഇതായിരുന്നു: ‘വിഎസ് നടത്തിയ പ്രസ്താവന ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല’ ഈ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ് പരസ്യത്തിന് വേണ്ടി സംസ്ഥാനത്ത് ചെമ്മണൂര്‍ ഗ്രൂപ്പ് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍ മാതൃഭൂമിയടക്കം മുന്‍നിര മാധ്യമങ്ങള്‍ മറച്ചു പിടിക്കുകയാണ്.

vs

വിഎസിന്റെ ആരോപണങ്ങള്‍ ഇങ്ങനെ:-

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിനെതിരെ കര്‍ശന നടപടി കൈക്കൊള്ളം. ചിട്ടി ഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്.
സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നത്. സിഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടര്‍. ഇതു സംബന്ധിച്ച് ഞാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ലക്ഷക്കണക്കിന് ആളുകളാണ് ഈ കാലയളവില്‍ തട്ടിപ്പിന് ഇരയായത്.

2017 ജൂണ് 30ന് കൂടിയ എസ്എല്‍സിസി യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി എസ്ഇബിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും എസ്ഇബിഐ അറിയിച്ചു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്.

വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നിട്ടും ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് 66.3 കോടിയാണ്. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും എസ്ഇബിഐ ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏല്‍പ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ല. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുകയും നിയമവിരുദ്ധമായ ഈ സ്ഥാപനം അടച്ചുപൂട്ടാന്‍ വേണ്ട നടപടി സ്വീകരിക്കുകയും വേണം.

ഇത്തരത്തില്‍ പതിനാറിലധികം സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രവര്‍ത്തിച്ചുവരുന്നു. അതില്‍ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോള്‍ ആയിരം കോടി എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതല്‍ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യുഡിഎഫ് സര്‍ക്കാരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോള്‍ എസ്ഇബിഐന്റെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
എസ്എല്‍സിസി രേഖകള്‍ ആവശ്യപ്പെട്ട എനിക്ക് രേഖകള്‍ നല്‍കാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ മുന്‍കയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങള്‍ക്കുണ്ടായ നഷ്ടം അവരില്‍ നിന്ന് ഈടാക്കുകയും വേണം. മാധ്യമങ്ങളോടും എനിക്ക് ഒരഭ്യര്‍ത്ഥനയുണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങള്‍ക്ക് വശംവദരായി വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്ന പതിവ് അവസാനിപ്പിക്കണം. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നല്‍കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം.

Related posts