ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണം: വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ഫ്‌ലാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്‌ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിര്‍മ്മാണത്തിന്റേയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ ബാധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവുമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

share this post on...

Related posts