സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ; സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി വച്ചു. ഹര്‍ജിയില്‍ വിപുലമായ വാദം കേള്‍ക്കേണ്ടതിനാല്‍ ചൊവ്വാഴ്ച പരിഗണിക്കാം എന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ തന്നെ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ കേസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ എടുത്ത കേസിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയതായി എന്‍ഐഎ കോടതിയെ അറിയിച്ചു. യുഎപിഎ നിമയപ്രകാരം 15 മുതല്‍ 18 വരെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കും സന്ദീപിനും പിടിയിലുള്ള സരിത്തിനും പങ്കുണ്ടെന്ന് സൗമ്യ കഴിഞ്ഞ ദിവസം മൊഴി നല്‍കിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നാണ് കസ്റ്റംസിന്റെയും നിലപാട്. എല്ലാ കക്ഷികളുടെയും വാദം കേട്ടാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കുമോ എന്ന് പറയാനാകൂ. ഈ സാഹചര്യത്തിലാണ് ജാമ്യഹര്‍ജി ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റി വച്ചിരിക്കുന്നത്.

Related posts