യുപിയിലെ 58 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ച സംഭവം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

unnaoquack_

ഉന്നാവോ: ഒരേ സിറിഞ്ചുകൊണ്ട് രോഗികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതിനെതുടര്‍ന്ന് 58 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ച സംഭവത്തില്‍ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. വ്യാജ ഡോക്ടര്‍ രാജേന്ദ്ര യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 രൂപ മാത്രം ഫീസും സൗജന്യ മരുന്നുകളുമാണ് ഗ്രാമപ്രദേശത്തെ ജനങ്ങളെ വ്യാജ ഡോക്ടറുടെ അടുത്തേക്ക് ആകര്‍ഷിച്ചത്. 10 വര്‍ഷത്തിലേറെയായി ഇയാള്‍ ബംഗര്‍മാവു നഗരത്തില്‍ ചികിത്‌സ നടത്തുന്നു. പ്രദേശത്തെ മൂന്ന് ഗ്രാമങ്ങളില്‍ കഴിഞ്ഞമാസം മാത്രം 33 എച്ച്.ഐ.വി പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടന്ന പരിശോധനയില്‍ 12 എച്ച്.ഐ.വി പോസിറ്റിവ് കേസുകള്‍ കണ്ടെത്തിയിരുന്നു. നവംബറില്‍ നടത്തിയ പരിശോധനയില്‍ വേറെ 13 കേസുകള്‍ കൂടി ഇതേ സ്ഥലത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അസ്വാഭാവികത തോന്നിയത്. എയ്ഡ്‌സ് വ്യാപനം പഠിക്കാന്‍ രണ്ട് വിദഗ്ധരെ പ്രദേശത്തേക്കയച്ചു. ഇവര്‍ 566 പേരുടെ രക്തം പരിശോധിച്ചപ്പോള്‍ 21 പേരില്‍കൂടി രോഗബാധ കണ്ടെത്തി.

മേഖലയില്‍ മൊത്തം 58 പേര്‍ക്കാണ് എച്ച്.ഐ.വി ബാധയെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.പി. ചൗധരി പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപഗ്രാമത്തിലുള്ള രാജേന്ദ്രകുമാര്‍ ഇവിടെയെത്തി കുറഞ്ഞനിരക്കില്‍ ചികിത്സ നടത്തുന്നതായി അറിഞ്ഞത്. ഇയാള്‍ ഒരു സിറിഞ്ചുകൊണ്ടാണ് നിരവധിപേര്‍ക്ക് കുത്തിവെപ്പ് എടുത്തിരുന്നത്. രോഗികളെ കാണ്‍പുരിലെ രോഗനിയന്ത്രണകേന്ദ്രത്തിലേക്ക് അയച്ചു. ആരോഗ്യപരിപാലനത്തിലെ അനാസ്ഥയുടെ പേരില്‍ ഉന്നാവോ മുമ്പും കുപ്രസിദ്ധി നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ 32 പേര്‍ക്ക് ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ തിമിരശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ ചീഫ് മെഡിക്കല്‍ ഓഫിസറെ കഴിഞ്ഞ ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നവാബ്ഗഞ്ച് സാമൂഹികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം.

share this post on...

Related posts