ഉണ്ണിത്താന് കെട്ടിവെയ്ക്കാന്‍ കാശ് കൊടുക്കുന്നത് കല്യോട്ടെ അമ്മമാര്‍

കാസര്‍കോട്: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ആശയപ്രചരണവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിന് തുടക്കം കുറിച്ചത്.
തന്റെ പോരാട്ടം അക്രമരാഷ്ട്രീയത്തിന് എതിരെയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടാന്‍ താന്‍ ഇടപെടുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ അടക്കമുള്ളവരാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക പിരിവെടുത്ത് നല്‍കിയത്. ഇടതുകോട്ടയായ കാസര്‍കോട്ട് വിജയം ഉറപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ രൂപപ്പെട്ടിട്ടുള്ള ഭിന്നത അവസാനിച്ചിട്ടില്ല. ഉണ്ണിത്താന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയ സുബ്ബ റായി രാജി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ തയ്യാറാകാത്ത ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ രാജി വെയ്ക്കണമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts