പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; പത്തുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വന്യജീവി വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഭീഷണി

pasanam shaji

 

pasanam shaji

സിനിമ- സിരിയല്‍ രംഗത്ത് പാഷാണം ഷാജിയെന്ന അറിയപ്പെടുന്ന
സാജു നവോദയയെ
ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാന്‍ ശ്രമം നടന്നെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകരായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേജ് ഷോയുടെ ഭാഗമായി സ്നേക്ക് ഡാന്‍സ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ തുക ആവശ്യപ്പെട്ടത്. ഓണക്കാലത്ത് എറണാകുളം കളക്ടറേറ്റില്‍ ഷാജിയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിച്ചിരുന്നു. ഇതില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് പാമ്പിനെ അണിഞ്ഞ് ഡാന്‍സ് നടത്തി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. അബദ്ധം പറ്റിയതാണെന്നും ഇത്തരം പരിപാടി നടത്തില്ലെന്നും ഷാജി അറിയിച്ചതോടെ വനംവകുപ്പ് അധികൃതര്‍ മടങ്ങി. ഈ സംഭവം അറിഞ്ഞ വിരുതന്മാര്‍ ഷാജിയില്‍ നിന്നും പണം തട്ടാന്‍ തന്ത്രങ്ങള്‍ ഒരുക്കുകയായിരുന്നു.

ഒരു മാസം മുന്‍പു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്റ്റേജ് ഷോ അവതരിപ്പിച്ചിരുന്നു. ഇതില്‍ സംഘത്തിലൊരാള്‍ ഷോയില്‍ സ്‌നേക് ഡാന്‍സ് അവതരിപ്പിച്ചു. ഇതു നിയമവിരുദ്ധമാണെന്നും വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം അനുസരിച്ചു കേസു കൊടുക്കുമെന്നും ദേവസി തോമസ് ഷാജിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. അഭിഭാഷകനെന്നു പറഞ്ഞാണു വിളിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത് അറിഞ്ഞായിരുന്നു കളി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇതേഭീഷണിയുമായി കൃഷ്ണദാസും വിളിച്ചു. കേസ് കൊടുക്കാതിരിക്കാന്‍ 10 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ആവശ്യം.

മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം കേസില്‍ കുടുങ്ങിയിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ വന്യജീവി നിയമത്തിന്റെ കുരുക്ക് അറിയിച്ചായിരുന്നു വിലപേശല്‍. പത്തുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വന്യജീവി വകുപ്പ് പ്രകാരം കേസെടുപ്പിക്കുമെന്നും ആറുവര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നും പറഞ്ഞ് ഷാജിയെ ഭീഷണിപ്പെടുത്തി. ഒരു മാസമായി ഭീഷണി തുടര്‍ന്നതോടെ ശനിയാഴ്ച ഉച്ചയോടെ പാഷാണം ഷാജി അസി. കമ്മിഷണര്‍ ലാല്‍ജിക്ക് പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും ഷാജി അതിന് മുമ്പ് സംസാരിച്ചതായാണ് സൂചന. ഡിജിപിയാണ് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

തട്ടിപ്പിന് പിന്നില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു ഉദ്യോഗസ്ഥന്‍ വിവരം ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതില്‍ വിശദമായ അന്വേഷണം നടത്തും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്വദേശികളായ ദേവസി തോമസ് (30), കൃഷ്ണദാസ് (26) എന്നിവരെയാണ് എറണാകുളം അസി. കമ്മിഷണര്‍ കെ. ലാല്‍ജി അറസ്റ്റ് ചെയ്തത്.ദേവസി തോമസ് അഭിഭാഷകനാണെന്നു പൊലീസ് പറഞ്ഞു. പാലാരിവട്ടം പൊലീസ് കേസെടുത്തു . അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കിയതായി പൊലീസ് അറിയിച്ചു.

 

Related posts