വാല്‍പാറ പ്രേമികള്‍ക്കായി പുതിയ രണ്ടു കിടുക്കന്‍ സ്ഥലങ്ങള്‍ കൂടി ഉടന്‍

പെട്ടെന്നൊരു യാത്ര പോയാലോ എന്നോര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് വാല്‍പാറ. കോയമ്പത്തൂരില്‍ പശ്ചിമഘട്ടത്തിലെ ആനമലയുടെ ഭാഗമായ വാല്‍പാറയില്‍ മനോഹരമായ വനപ്രദേശവും ഷോളയാര്‍ ഡാമും കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവുമെല്ലാമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. കോയമ്പത്തൂരി നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയില്‍ നിന്ന് 65 കിലോമീറ്ററും മാത്രമാണ് ദൂരം എന്നതും വാല്‍പാറയെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു.
ഇപ്പോഴിതാ സഞ്ചാരികള്‍ക്കായി വേറെയും ആകര്‍ഷണങ്ങള്‍ ഒരുങ്ങുകയാണ് ഇവിടെ. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട് ഹൗസ് എന്നിവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 2020 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും ഉദ്ഘാടനവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കലും 2021 ജനുവരിയില്‍ ആയിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 25 ന് വാല്‍പാറൈ മുനിസിപ്പല്‍ കമ്മിഷണര്‍ ബോട്ട്ഹൗസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 2019 മാര്‍ച്ചില്‍ തമിഴ്‌നാട് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എസ്.പി.വേലുമണിയായിരുന്നു രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും തറക്കല്ലിട്ടത്.
മൊത്തം 4.5 ഏക്കര്‍ വിസ്തൃതിയുള്ള പിഡബ്ല്യുഡി ഭൂമിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനു തമിഴ്നാട് സര്‍ക്കാര്‍ 5.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുനിസിപ്പല്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് സമീപമുള്ള 4.25 ഏക്കര്‍ സ്ഥലത്ത് ബോട്ട് ഹൗസ് പണിയാന്‍ 2.5 കോടി രൂപയും അനുവദിച്ചു. ഇപ്പോള്‍ പകുതിയോളം പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍പാറ നിരവധി ടൂറിസം സാദ്ധ്യതകള്‍ ഉള്ള ഒരു പ്രദേശമാണ്. റിസോര്‍ട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ സഹായമുണ്ട്. പൊള്ളാച്ചിയില്‍നിന്ന് 40 കൊടും വളവുകള്‍ നിറഞ്ഞ ചുരം കയറിയാണ് വാല്‍പാറയില്‍ എത്തിച്ചേരുന്നത്. കേരളത്തിലെ ചാലക്കുടിയില്‍ നിന്നു സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി -വാഴച്ചാല്‍- മലക്കപ്പാറ വഴിയും വാല്‍പാറയില്‍ എത്തിച്ചേരാം.

Related posts