രണ്ടാം ഉച്ചകോടി: ആണവനിരായുധീകരണം, ട്രംപും കിം ജോങ് ഉന്നും തമ്മില്‍ രണ്ടാംവട്ട കൂടിക്കാഴ്ച

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട കൂടിക്കാഴ്ച 27, 28 തീയതികളില്‍ വിയറ്റ്‌നാമില്‍. ചരിത്രം കുറിച്ച ആദ്യ ഉച്ചകോടി കഴിഞ്ഞ വര്‍ഷം സിംഗപ്പുരിലായിരുന്നു. രണ്ടാം ഉച്ചകോടിയുടെ വിവരം ട്രംപ് യുഎസ് കോണ്‍ഗ്രസിലാണു പ്രഖ്യാപിച്ചത്. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലോ തീരദേശ ടൂറിസം നഗരമായ ഡാ നാങ്ങിലോ ആയിരിക്കും ഉച്ചകോടിയെന്നു കരുതുന്നു. യുഎസിനും ഉത്തരകൊറിയയ്ക്കും നയതന്ത്ര ബന്ധമുള്ള രാജ്യമാണ് വിയറ്റ്‌നാം. ഉത്തരകൊറിയയുടെ ആണവനിരായുധീകരണ പ്രക്രിയയ്ക്കു തുടക്കമിടാനുള്ള ചര്‍ച്ചകളാണ് വിയറ്റ്‌നാമിലുണ്ടാവുക. സിംഗപ്പുര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആണവ, മിസൈല്‍ പരീക്ഷണങ്ങളൊന്നും ഉത്തരകൊറിയ നടത്തിയിട്ടില്ലെങ്കിലും കൈവശമുള്ള ആണവായുധ ശേഖരം നശിപ്പിക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. കിമ്മുമായി നല്ല ബന്ധമാണെന്നും കൊറിയയുടെ മിസൈല്‍ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിര്‍ത്തിയിരിക്കുകയാണെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ പറഞ്ഞു. ഉത്തരകൊറിയയുമായുള്ള ചര്‍ച്ച തന്റെ നേട്ടമായും എടുത്തുകാട്ടി. ‘ഞാന്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ നമ്മള്‍ (യുഎസ്) ഇപ്പോള്‍ കൊറിയയുമായി വലിയൊരു യുദ്ധത്തിലായിരുന്നേനെ’ – ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയുടെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ അതേപടി നിലവിലുണ്ടെന്നും യുഎസ് ആക്രമണം ഭയന്ന് അവ വിമാനത്താവളങ്ങളിലും മറ്റുമായി ഒളിപ്പിച്ചിരിക്കുകയാണെന്നും യുഎന്‍ വിദഗ്ധ സംഘം. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഫലപ്രദമല്ലെന്നും അതിനെ മറികടന്ന് അവര്‍ എണ്ണ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുകയും കല്‍ക്കരി വില്‍ക്കുകയും ആയുധശേഖരണം നടത്തുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും നേരത്തെ ഇതേ നിഗമനത്തില്‍ എത്തിയിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts