ടിക് ടോക് ഇന്ത്യ വിടില്ല!… പുതിയ രൂപത്തില്‍ മടങ്ങി വരുവേ സിങ്കം

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഇപ്പോള്‍ വിഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യുന്ന ആപ്ലിക്കേഷന്‍ ടിക്ടോക് ലഭ്യമല്ല. പക്ഷേ, ടിക് ടോക് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് (Bytedance) ഇന്ത്യയില്‍ 100 കോടി ഡോളര്‍ ( ഏകദേശം 6939 കോടി രൂപ) നിക്ഷേപമിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ ടിക് ടോകിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നു തന്നെയാണ് കമ്പനിയുടെ നീക്കം സൂചിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു ശേഷം, കമ്പനി ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ ടിക് ടോകില്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ്. എത്ര പേര്‍ ദിവസവും ആപ് ഉപയോഗിക്കുന്നു, മാസം എത്രപേര്‍ ഉപയോഗിച്ചു തുടങ്ങിയ കണക്കെടുക്കല്‍ നിര്‍ത്തി, തങ്ങളിനി ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സെന്‍ ലിയു (Zhen Liu) പറഞ്ഞത്.

തങ്ങളുടെ ഉപയോക്താക്കളില്‍ 85 ശതമാനവും മുതിര്‍ന്നവരാണ്. ചെറിയ വിഡിയോ ക്ലിപ്പുകളും ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കവും തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടാതാണെന്ന് സെന്‍ പറഞ്ഞു. ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനു പ്രചാരം കൂടിക്കൂടി വരികയാണ്. ചെറിയ വിഡിയോയിലൂടെ ജനങ്ങള്‍ക്ക് സ്വന്തം സര്‍ഗ്ഗാത്മകത വെളിപ്പെടുത്താന്‍ സാധിക്കുന്നു. വിഡിയോ ഷെയര്‍ ചെയ്യാനാകുന്നതിലൂടെ മറ്റുള്ളവരുമായി കണക്ടു ചെയ്യാനുമാകുന്നുവെന്നും സെന്‍ പറഞ്ഞു.

കൂടാതെ, ടിക്ടോകില്‍ ആവശ്യത്തിനു സുരക്ഷയുമുണ്ടെന്നാണ് സെന്‍ പറയുന്നത്. കുട്ടികള്‍ എത്ര സമയം ടിക്ടോകില്‍ ചിലവഴിക്കണമെന്ന കാര്യം മുതിര്‍ന്നവര്‍ക്കു തീരുമാനിക്കാം, സെറ്റു ചെയ്യുകയും ചെയ്യാം. ഇതിനു പുറമെ പ്രശ്നമുണ്ടെന്നു തോന്നിയ 60 ലക്ഷം വിഡിയോ തങ്ങള്‍ നീക്കം ചെയ്തുവെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ നിരന്തരം പഠിക്കുകയാണ്. ദീര്‍ഘകാലത്തേക്കാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഞങ്ങളുടെ കമ്പനിക്ക് ചെറുപ്പമാണ്. യാത്ര തുടങ്ങിയിട്ടേയുള്ളു. ഇന്ത്യയിലാണ് ഞങ്ങള്‍ക്ക് ശരിയായ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ വളരെ ക്ഷമകാണിക്കാന്‍ തയാറാണ്- അവര്‍ പറഞ്ഞു.

ടിക് ടോക് വിലക്കിയതോടെ ബൈറ്റ് ഡാന്‍സ് ഇന്ത്യയില്‍ ഒരു പുതിയ വിഡിയോ ഷെയറിങ് ആപ് ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പറയുന്നു. കമ്പനിയുടെ കണക്കു പ്രകാരം ടിക്ടോകിന് ഇന്ത്യയില്‍ 12 കോടി ഉപയോക്താക്കളാണ് ഉള്ളത്.

എന്താണ് സംഭവിച്ചത്?

ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000 അനുസരിച്ച് ടിക്ടോക് കുട്ടികളുടെ പോണോഗ്രാഫി പ്രചരിപ്പിക്കുന്നു എന്ന കുറ്റത്തിനാണ് ഇന്ത്യയില്‍ ‘നിരോധിച്ചത്. എസ്. മുത്തുകുമാര്‍ എന്ന വക്കീല്‍ മദ്രാസ് ഹൈക്കോടതിയില്‍ കൊടുത്ത പൊതു താത്പര്യഹര്‍ജിയാണ് ടിക്ടോകിനു വിനയായത്. അശ്ലീലവും അക്രമവും ദൈവ നിന്ദയും പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. 10 നും 30നും മധ്യേ പ്രായമുള്ള കുറച്ചു പേരുടെ ആത്മഹത്യയും ടിക്ടോക് ആപ്പുമായി ബന്ധപ്പെട്ടാണെന്നും ആരോപണമുയര്‍ന്നിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം ടിക്ടോക് ആപ് ഡൗണ്‍ലോഡു ചെയ്യുന്നത് തടയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ടിക്ടോകില്‍ ചിത്രീകരിച്ച വിഡിയോ ടെലികാസ്റ്റു ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നുണ്ട്.

കുട്ടകിളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഒരു ഉത്തരവിറക്കുമോ എന്നറിയിക്കണമെന്നും കോടതി പറഞ്ഞു. ഇതു കൂടാതെ കോടതി ഈ ആപ്പിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ ഒരു അമിക്യസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. കോടതി വീണ്ടും കേസെടുക്കുന്നത് ഏപ്രില്‍ 24നാണ്. എന്നാല്‍, ഹൈക്കോടതി വിധിക്കെതിരെ ടിക്ടോക് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധിക്കു സ്റ്റേ ലഭിച്ചില്ല. ഏപ്രില്‍ 22ന് പരമോന്നത കോടതി വീണ്ടും കേസ് പരിഗണിക്കും.

അതേസമയം, ഇന്ത്യാ ഇന്റര്‍നെറ്റ് ഫൗണ്ടേഷന്‍ ടിക്ടോകിനു പിന്തുണയറിയിച്ച് എത്തുകയുണ്ടായി. പ്രശ്നങ്ങള്‍ തീര്‍ത്ത് ടെക്നോളജി കൂടുതല്‍ ഇന്ത്യക്കാരിലേക്ക് എത്തിക്കുകയാണ് വേണ്ടതെന്നാണ് അവരുടെ നിലപാട്.

ടിക്ടോക് ബാന്‍ ചെയ്തോ?

ടിക്ടോകിന്റെ ഔദ്യോഗിക ആപ് ആപ്പിള്‍, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും ആപ് ഡൗണ്‍ലോഡു ചെയ്തിട്ടുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനു വിലക്കൊന്നുമില്ല. കൂടാതെ ഇതിന്റെ ഇന്‍സ്റ്റാലേഷന്‍ ഫയലുകള്‍ ഷെയറിറ്റ് തുടങ്ങിയ ആപ്പുകളിലൂടെ ഷെയറു ചെയ്തെടുക്കുകയും ചെയ്യാം.

ഇന്ത്യ മാത്രമല്ല ടിക്ടോക് ബാന്‍ ചെയ്തിട്ടുള്ളത്. ബംഗ്ലാദേശും ഇന്തൊനീഷ്യയും ദൈവനിന്ദയും അശ്ലീലവും പരത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ആപ് നിരോധിച്ചിരുന്നു. ടിക്ടോകിന് ഇപ്പോള്‍ ഇന്ത്യയില്‍ 500 ജീവനക്കാരാണ് ഉള്ളത്. 1,000 പേരെക്കൂടെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

share this post on...

Related posts