എതിര്‍ക്കുന്നവരെ അവര്‍ അര്‍ബന്‍ നക്‌സലുകളാക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം അവര്‍ അര്‍ബന്‍ നക്‌സലുകളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് എതിരെയും രാഹുല്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘സഹായികളായ’ എന്‍ഐഎയ്ക്ക് ഒരിക്കലും പ്രതിരോധങ്ങളെ മായ്ക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ഭീമ കൊറേഗാവ് കേസ് അന്വേഷണം കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയ്ക്കു കൈമാറിയതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പ്രതിരോധത്തിന്റെ സ്മാരകമാണ് ഭീമ കൊറേഗാവ്. ബിജെപി സര്‍ക്കാരിന്റെ അജണ്ടകളെ ആരെങ്കിലും എതിര്‍ത്താല്‍ അപ്പോള്‍തന്നെ അവരെ ‘അര്‍ബന്‍ നക്‌സലുകളാക്കുമെന്നും’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭീമ കൊറേഗാവ് സംഘര്‍ഷം പുണെ പൊലീസാണ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവര്‍ കേസുമായി ബന്ധപ്പെട്ട് പൊലീസുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് കേസന്വേഷണം എന്‍ഐഎയെ ഏല്‍പിച്ചത്.
ബിജെപിയുടെ ഗൂഢാലോചനയാണു സംഭവത്തിനു പിന്നിലുള്ളതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം ആരോപിച്ചു. മഹാരാഷ്ട്രയിലെ കഴിഞ്ഞ സര്‍ക്കാരിന്റെ കുറ്റങ്ങള്‍ മറച്ചുവയ്ക്കുന്നതിനുള്ള നീക്കമാണു കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് എന്‍സിപിയും ആരോപിച്ചു. 2018 ജനുവരി 1നാണ് പുണെ ജില്ലയിലെ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബ്രാഹ്മിണ്‍ പെഷ്‌വ ഭരണാധികാരികള്‍ക്കും ബ്രിട്ടിഷുകാര്‍ക്കും എതിരെ ദലിത് പോരാളികള്‍ 1818ല്‍ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കാന്‍ ദലിത് വിഭാഗത്തില്‍പെട്ട ജനങ്ങള്‍ കൂട്ടത്തോടെ ഇവിടേക്കെത്തുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെയടക്കം സംഭവത്തില്‍ കേസെടുത്തിരുന്നു.

ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു.

Posted by The Editor on Friday, January 24, 2020

share this post on...

Related posts