തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 104 പേര്‍ക്ക് കോവിഡ്; തീവ്രരോഗവ്യാപനം, വന്‍ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അഞ്ചു തെങ്ങില്‍ നടത്തിയ പരിശോധനയില്‍ 50 ല്‍ 32 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു.
ബുധനാഴ്ച 50 പേരെ പരിശോധിച്ചപ്പോള്‍ 16 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണു കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനം എടുത്തത്. ഇന്ന് ആറ് കേന്ദ്രങ്ങളിലായി 443 പേരെയാണു പരിശോധിച്ചത്. ഇതിലാണ് 104 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. ഏകദേശം 25,000 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്.
നിലവില്‍ ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങില്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങില്‍ രണ്ടു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ജൂഡി ഇഗ്‌നേഷ്യസ്, പോള്‍ ജോസഫ് എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മേഖലയില്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്.

Related posts