മലയാളി ഹിപ്പ് ഹോപ്പ് താരം തിരുമാലിയുടെ പുതിയ ഗാനം ‘അളിയ’ പുറത്തിറങ്ങി

തിരുവനന്തപുരം: തിരുമാലി എന്ന പേരിൽ അറിയപ്പെടുന്ന മലയാളി റാപ്പറും ഗാനരചയിതാവും നടനുമായ വിഷ്ണു എംഎസിന്റെ പുതിയ ഗാനം ‘അളിയ’ പുറത്തിറങ്ങി. രാജ്യത്തെ ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുകൾക്കായുള്ള യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുടെ പ്ലാറ്റ്‌ഫോമായ ഫൗണ്ട് ഔട്ടിലൂടെയാണ് വിഷ്ണു തന്റെ ആദ്യ ട്രാക്ക് പുറത്തിറക്കയത്. ‘അളിയ’ എന്ന് പേരിട്ടിരിക്കുന്ന ട്രാക്കിന്‍റെ തീം സൗഹൃദമാണ്. 

വീഡിയോ ലിങ്ക്: https://www.youtube.com/watch?v=D-nxn87ymgQ

“കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ ഉള്ളിൽ നിറയെ വരികളുമായി ഒരു ഐഡന്റിറ്റിക്കായി തിരയുകയായിരുന്നു. ഓരോ റിലീസിലും, ഞാൻ അത്യധികം സന്തോഷിക്കുകയും കൂടുതൽ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു. സൗഹൃദം ആഘോഷിക്കാൻ വേണ്ടി ഞാൻ സൃഷ്ടിച്ച പാട്ടാണ് ‘അളിയ’. നമുക്കെല്ലാവർക്കും നമ്മൾ വിശ്വസിക്കുന്ന, വിഷമകരമായ സമയങ്ങളിൽ ആശ്രയിക്കാവുന്ന, സന്തോഷകരമായ ദിവസങ്ങളിൽ അത് ആസ്വദിക്കുന്ന സുഹൃത്തുക്കളെ ആവശ്യമുണ്ട്. അതുതന്നെയാണ് ഈ ഗാനത്തിലൂടെ ഞാൻ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നത്” പുതിയ ഗാനം പുറത്തിറക്കികൊണ്ട് തിരുമാലി പറഞ്ഞു.

പ്രശസ്തരായ മിക്ക റാപ്പർമാരെയും പോലെ, ഇപ്പോൾ തിരുമാലി എന്നറിയപ്പെടുന്ന വിഷ്ണുവും നഗരപ്രാന്തങ്ങളിൽ നിന്നാണ് വന്നത്.  സത്യസന്ധതയും മഹത്വവും എന്നാണ് തിരുമാലിയുടെ അർത്ഥം. സംഗീതത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനായി കോളേജ് പഠന ഉപേക്ഷിച്ച ഈ ചെറുപ്പക്കാരൻ ഇപ്പോൾ മലയാളം റാപ്പിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.  എട്ടു വർഷം മുൻപാണ് തിരുമാലി റാപ്പ് ചെയ്യാൻ തുടങ്ങിയത്. കേരളത്തിൽ മലയാളം റാപ്പിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണ് തിരുമാലി.