‘മാസ്റ്റർ‍’ കാണാൻ തീയേറ്ററിൽ ഈ താരങ്ങളും!

സിനിമാ പ്രേമികളും, സിനിമാ താരങ്ങളും, പുത്തനുണർവോടെയാണ് തീയേറ്ററിലിരുന്ന് വിജയിയുടെ മാസ്റ്റർ ചിത്രം കണ്ടത്. ആരാധകർക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ട നടമാരിൽ ദിലീപുമുണ്ടായിരുന്നു. ഒപ്പം മാസ്റ്ററിൽ അഭിനയിച്ച ഏതാനും താരങ്ങളും തീയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. ചാലക്കുടിയിലെ തൻറെ തീയേറ്ററിൽ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രങ്ങൾ ദിലീപിൻറേയും വിജയ്‍യുടേയും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. സിനിമ കണ്ട ശേഷം തൻറെ ഒഫീഷ്യൽ പേജിൽ ഒരു ഫേസ്ബുക്ക് കുറിപ്പും ദിലീപ് പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്, ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക.

നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ, ദിലീപ് കുറിച്ചിരിക്കുകയാണ്. അതേസമയം തമിഴ് നാട്ടിൽ ആരാധകരോടൊപ്പമിരുന്ന് മാസ്റ്ററിൽ അഭിനയിച്ചവരും അണിയറപ്രവർത്തകരും സിനിമ കാണാനായി എത്തിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക, നടന്മാരായ ശന്തനു, അർജുൻ, സംഗീത സംവിധായകൻ അനിരുദ്ധ് തുടങ്ങിയവരാണ് തീയേറ്ററിലെത്തി സിനിമ കണ്ടത്. കൂടാതെ സംസ്ഥാനത്തെ തീയേറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താൻ പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതോടെ സിനിമാക്കാരും പുത്തനുണവർവ്വിലാണ്. കേരളത്തിലെ തിയേറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് വിജയ്‍യുടെ മാസ്റ്ററെന്ന് തിയേറ്റർ ഉടമയും ഫിയോക് ചെയർമാനുമായ നടൻ ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related posts