വിവാഹമോചനം നേടിയ പെണ്ണേ… ഈ ലോകം നിന്റേത് കൂടിയാണ്!

സ്ഥിരമായി ബസ്സില്‍ കൂടെ യാത്ര ചെയ്യുന്ന ഒരു ചേച്ചി പങ്കുവെച്ച അനുഭവമാണ്. വളരെ ചെറുപ്രായത്തിലേ കല്യാണം കഴിച്ചു. ഇപ്പോള്‍ വിവാഹമോചനം കഴിഞ്ഞിട്ട് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മുപ്പതുകളിലാണ് പ്രായം. ഡിവോഴ്സ് കഴിഞ്ഞ് ഏകദേശം രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടുമൊരു വിവാഹത്തിന് തയ്യാറായി. അതിന്റെ ഭാഗമായി ചെറുക്കനെ തേടി പല മാട്രിമോണിയല്‍ സൈറ്റുകളിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു. തിരിച്ച് മറുപിടികളുടെ ബഹളം. കല്യാണം കഴിച്ചവരും കഴിക്കാത്തവരും, കുട്ടികള്‍ ഉള്ളവരും ഇല്ലാത്തവരും, തന്റെ പ്രായത്തോട് അടുത്തുള്ളവരും തന്നെക്കാള്‍ ഇരുപതും ഇരുപത്തഞ്ചും വയസ്സ് മൂപ്പുള്ളവരും. അങ്ങനെ അങ്ങനെ… അതൊക്കെ സാധാരണമായിത്തന്നെ കണ്ടു. പിന്നീടങ്ങോട്ട് പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നത് കൊണ്ട് നേരവും കാലവും നോക്കാതെയുള്ള വിളികളും മെസ്സേജുകളും. സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ഫോട്ടോ നോക്കി സംതൃപ്തി കണ്ടെത്തിയ കഥകള്‍ മെസ്സേജ് അയക്കുന്നതില്‍ തുടങ്ങി ‘സൈസ്’ എത്രയാ എന്ന് വരെയുള്ള ചോദ്യങ്ങള്‍. ചെക്കനോട് സംസാരിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ ചെക്കന്റെ അമ്മയെ, തനിക്ക് കുട്ടികള്‍ ഇല്ലാത്തതിന്റെ കാരണം ബോധ്യപ്പെടുത്തണം. ഒരു രാത്രി കൂടെ ചെല്ലുമോ എന്ന് ചോദിക്കുന്ന ചേട്ടന്മാര്‍! തെളിവിനായി ഇത്തരം സന്ദേശങ്ങള്‍ കാണിച്ചപ്പോള്‍, ചങ്ക് തകര്‍ന്ന് ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നുപോയ അപ്പന്റെ മുഖമാണ് ഇപ്പോഴും മനസ്സില്‍. പതിയെ പതിയെ ഡിപ്രഷനിലേയ്ക്ക് കൂപ്പുകുത്തുന്ന അവസ്ഥ. അതോടെ മാട്രിമോണിയല്‍ സൈറ്റുകളിലെയും അക്കൗണ്ടുകള്‍ എന്നെന്നേയ്ക്കുമായി അടച്ച് പൂട്ടി. ഇനി ഇതൊന്നും വേണ്ട എന്ന് തീരുമാനിച്ചു. ‘ഒരു കുഞ്ഞ് ഉണ്ടാരുന്നെങ്കില്‍ അതിനു വേണ്ടിയെങ്കിലും ജീവിക്കാമായിരുന്നു. ഇതിപ്പോ ജീവിക്കാന്‍ പോലും തോന്നുന്നില്ല. സ്വന്തം വീട്ടില്‍ പോയി കുറച്ച് ദിവസം നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലുകള്‍, അങ്ങനെ എന്തെല്ലാം.’ പല കാര്യങ്ങളും പറയുമ്പോള്‍ ആ ചേച്ചിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം തനിച്ചുള്ള ജീവിതം ഇന്നും അവരെ മാനസികമായി ഏറെ തളര്‍ത്തിയിരിക്കുന്നു. മലയാളികള്‍ എത്രയൊക്കെ പുരോഗമനം പറഞ്ഞ് നടന്നാലും വിവാഹമോചനം നേടിയ സ്ത്രീകളെ അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഡിവോഴ്സ് നേടിയ സ്ത്രീകളോട് നാമെന്താണിങ്ങനെ?

share this post on...

Related posts