കൊലുസിന്റെ മണിനാദം!

പണ്ട് കാലം തൊട്ടേ വെള്ളികൊലുസുകള്‍ അണിയുന്നതിനോടായിരുന്നു എല്ലാവര്‍ക്കും പ്രിയം. നല്ലൊരു ഊര്‍ജ വാഹക ലോഹമാണല്ലോ വെള്ളി. അതുകൊണ്ടു തന്നെ അവ ശരീരത്തിലെ ഊര്‍ജ്ജനിലയെയും വളരെയധികം സ്വാധീനിച്ചിരുന്നു. ഇടക്കാലത്തു സ്വര്‍ണകൊലുസുകള്‍ ട്രെന്‍ഡ് ആയെങ്കിലും ഇവ ധരിക്കുന്നതിനെ മുത്തശ്ശിമാര്‍ എതിര്‍ത്തിരുന്നു. സ്വര്‍ണം ലക്ഷ്മീദേവി ആണല്ലോ. സ്വര്‍ണാഭരണങ്ങള്‍ കാലില്‍ അണിയുന്നത് ദേവിയെ അപമാനിക്കുന്നതിന് തുല്യമാണത്രെ.

അതുപോലെ തന്നെ ശബ്ദമില്ലാത്ത കൊലുസുകള്‍ ധരിക്കരുതെന്നും പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. കൊലുസിന്റെ നാദം പോസിറ്റീവ് എനര്‍ജി കൊണ്ടുവരുമത്രെ. പുരാണങ്ങളിലും പദസരങ്ങലെ കുറിച്ച് പരാമര്‍ശമുണ്ട്. രാവണന്‍ അപഹരിച്ച സീതാദേവിയെ തിരിച്ചറിയാന്‍ രാമലക്ഷ്മണന്മാരെ സഹായിച്ചത് സീതയുടെ നഷ്ടപ്പെട്ട പാദസരങ്ങള്‍ ആണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ 12 കൊല്ലമേ ആയുള്ളൂ സ്വര്‍ണവും വെള്ളിയുമല്ലാതെ ഫാന്‍സി പാദസരങ്ങള്‍ വിപണിയില്‍ ഇറങ്ങിയിട്ട്. വെള്ളിയിലും സ്റ്റീലിലും നിര്‍മിച്ച കമ്പികള്‍ കൊണ്ട് മുത്തുകള്‍ കോര്‍ത്തിണക്കിയ കൊലുസുകള്‍ ആയിരുന്നു അന്നത്തെ താരം.വെള്ളിയുടെ വിലയില്‍ പൊടുന്നനെ ഉണ്ടായ കുതിച്ചു കയറ്റം കൊണ്ടാവാം ഇത്തരം കൊലുസുകള്‍ കണ്ടുപിടിക്കാന്‍ ഇടയാക്കിയത്. പിന്നീടങ്ങോട്ട് വര്‍ണങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. പലവിധ മെറ്റീരിയലുകളിലും കൊലുസുകള്‍ അണിഞ്ഞു പെണ്‍കുട്ടികള്‍ തിളങ്ങി. സ്വന്തമായി മെറ്റീരിയലുകള്‍ വാങ്ങി ഡിസൈന്‍ ചെയ്തു അണിയുന്നവരുടെയും എണ്ണം തീരെ കുറവല്ല. ഇരു കാലുകളില്‍ നിന്നും ഒറ്റ കാലിലേക്കായി കൊലുസിന്റെ സ്ഥാനം. പിന്നീട് കറുത്ത ചരടുകള്‍ മാത്രമായി. കുറച്ചുകൂടി ട്രെന്റിയായി മുത്തുകള്‍ കോര്‍ത്ത ചരടുകളായി അങ്ങനെ കൊലുസിന്റെ ജൈത്രയാത്ര തുടരുന്നു…

share this post on...

Related posts