സുപ്രീംകോടതിയുടെ അന്തിമ വിധി സംയമനത്തോടെ അംഗീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായ അന്തിമ വിധി അംഗീകരിക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വിധി അന്തിമമാണെന്നതിനാല്‍ അത് ഉള്‍ക്കൊള്ളണമെന്നും സമാധാനം നിലനിര്‍ത്താനുള്ള താല്‍പ്പര്യത്തോടെ വേണം വിധിയോട് പ്രതികരിക്കാന്‍. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളുമുണ്ടാക്കിയ പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ബാബറി മസ്ജിദ് പൊളിച്ചതും രാമവിഗ്രഹം കൊണ്ടുവച്ചതും നിയമവിരുദ്ധമാണെന്ന് കോടതി സ്ഥിരീകരിച്ചു. ബാബറി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്നാണ് രാജ്യം നിരവധിയായ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഈ വിധിയോടെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളിലാണ് തീര്‍പ്പുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധി തങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ത്തുന്ന വാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിഘാതമാണെന്ന് ധരിക്കുന്നവരുണ്ടാവാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കള്ളെട്ടതെന്ന് ധരിക്കുന്നവരുമുണ്ട്. രണ്ടുകൂട്ടരും സംയമനത്തോടെ കാര്യങ്ങളെ സമീപിക്കണം. സമാധാനം നിലനിര്‍ത്താനുള്ള താല്‍പ്പര്യത്തോടെ പ്രതികരിക്കണം. ബാബറി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വമായുള്ള ആ പ്രതികരണം. അതേ രീതിയില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരണം. വിധിയോടുള്ള പ്രതികരണങ്ങള്‍ ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രീംകോടതി വിധി അന്തിമമാണെന്നതിനാല്‍ അത് ഉള്‍ക്കൊള്ളണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സമാധാനവും ശാന്തിയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ കരുത്തുമാവണം ഈ സന്ദര്‍ഭത്തിലെ നമ്മുടെ പരിഗണന. സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ നടപടികളും കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല. പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും സമാധാനം നിലനിര്‍ത്തുന്നതിന് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

share this post on...

Related posts