കടലില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

Photo 2
കൊച്ചി:കടലില്‍ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സമൂഹം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയര്‍ന്നത്. കാലാവസ്ഥാവ്യതിയാനം മത്സോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്ന പ്രളയവും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന ചൂടും കൂടുതല്‍ അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡും കടലിനെ അംമ്ലീകരിക്കുന്നു. ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴവുകള്‍ കാരണം ഭാവിയില്‍ മത്സ്യോല്‍പാദനം ഉള്‍പ്പെടെയുള്ളവയില്‍ ഗണ്യമായ കുറവ് സംഭവിക്കും. ഈ സാഹചര്യം നേരിടുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രയത്നവും പ്രതിബദ്ധതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളേക്കാള്‍ ഏറ്റവും വേഗത്തില്‍ ചൂടു വര്‍ധിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2050-ഓടു കൂടി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉപരിതലോഷ്മാവ് 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും. എന്നാല്‍, ആഗോള തലത്തില്‍ ഇന്ത്യയിലെ മത്സ്യബന്ധന മേഖല കൂടുതല്‍ പ്രകൃതി സൗഹൃദമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സിഎംഎഫ്ആര്‍ഐ വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ തീരങ്ങളിലായി 24 അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് സംഭിച്ചതെന്ന് വിന്റര്‍ സ്‌കൂള്‍ കോഴ്സ് ഡയറക്ടറായ ഡോ പി യു സക്കറിയ പറഞ്ഞു. ഡോ പി കലാധരന്‍, ഡോ നജ്മുദ്ധീന്‍ ടി എം എന്നിവര്‍ സംസാരിച്ചു.
സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) ഗവേഷണ പദ്ധതിക്ക് കീഴിലാണ് വിന്റര്‍ സ്‌കൂള്‍ നടത്തുന്നത്. അക്കാദമിക് പ്രാധാന്യത്തോടെ നടക്കുന്ന പരിപാടിയില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 ഗവേഷകരും അധ്യാപകരുമാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. 

share this post on...

Related posts