
കർണാടക, തമിഴ്നാട്, കേരളം എന്നിവയുടെ അതിർത്തികളിൽ പരന്നുകിടക്കുന്ന പർവതനിരയാണ് നീലഗിരി. ലോക പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാൾ സമൃദ്ധവുമാണ് ഇവിടം. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകർക്കായി വീണ്ടും തുറന്നിരിക്കുകയാണ്. നീലഗിരി ജില്ലാ കളക്ടർ ജെ. ഇന്നസെന്റ് ദിവ്യ ടൂറിസം വകുപ്പിന്റെയും പ്രാദേശിക വനം വകുപ്പിന്റെയും കീഴിൽ വരുന്ന ടൂറിസ്റ്റ് സൈറ്റുകൾ ഡിസംബർ 7 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുക. അതേസമയം ജനപ്രിയ മേഖലകളായ ഊട്ടി തടാകം, ബോട്ട് ഹൗസ്, ഒൻപതാം മൈൽ, പൈക്കര തടാകം, ദൊഡാബെറ്റ കൊടുമുടി, കോഡനാട് വ്യൂ പോയിന്റ് എന്നിവ 2020 മാർച്ച് മുതൽ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയായിരുന്നു.

എന്നാൽ ഹോർട്ടികൾച്ചർ വകുപ്പിന്റെ കീഴിൽ വരുന്ന ബൊട്ടാണിക്കൽ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിംസ് പാർക്ക്, സർക്കാർ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കാറ്ററി പാർക്ക് എന്നിവ നവംബറിൽ തുറന്നു. ഒപ്പം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതു സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ടൂറിസം അധികൃതർ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ സ്റ്റാഫുകൾക്കും ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസറുകൾ, കയ്യുറകൾ, മാസ്കുകൾ എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ ഓരോ രണ്ട് മണിക്കൂറിലും ടിക്കറ്റ് സ്റ്റാളുകളും സിറ്റിംഗ് ഏരിയകളും ശുചിത്വവൽക്കരിക്കും.

സന്ദർശന വേളയിൽ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനും മാസ്കുകൾ അല്ലെങ്കിൽ ഫെയ്സ് കവറുകൾ ധരിക്കുന്നതിനും മൈക്രോഫോണും സ്പീക്കർ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. മാത്രമല്ല മാർച്ച് മുതൽ ഉപയോഗിക്കാത്തതിനാൽ തങ്ങളുടെ ബോട്ടുകൾ നന്നാക്കിയതായും മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും ബോട്ട്ഹൗസിലെ ബോട്ട്മാൻമാർ പറയുന്നുണ്ട്. ഇവർ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറായിക്കഴിഞ്ഞു. മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു.