കെവിന്‍ വധക്കേസ് വിധി അടുത്ത മാസം

കോട്ടയം: കെവിന്‍ വധക്കേസില്‍ അടുത്ത മാസം വിധി. കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയായിരിക്കും അടുത്ത മാസം 14ന് വിധി പറയുക. മൂന്നു മാസം നീണ്ടു നിന്ന വിചാരണ പൂര്‍ത്തിയായ പശ്ചായത്തലത്തിലാണ് വിധി പ്രഖ്യാപനം. കേസിലെ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രം പറയുന്നത്. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിന്നു. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കോടതയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.
രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.
തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്.

share this post on...

Related posts