തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തരുതെന്ന് ചെന്നിത്തല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി

തൃശൂര്‍: ചരിത്ര പ്രാധാന്യമുള്ള തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാരും വനം വകുപ്പും കുറെക്കൂടി അവധാനതയുള്ള സമീപനം സ്വീകരിക്കണം. നൂറ്റാണ്ടുകളായി നടന്ന് വരുന്ന പൂരം നമ്മുടെ സാംസ്‌കാരിക ലോകത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ ശോഭ കെടുത്തരുത്. ആനയുടമകളുമായുള്ള തര്‍ക്കം പരിഹരിച്ച് തൃശൂര്‍പൂരം ഭംഗിയായി നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കളക്ടര്‍ക്ക് നല്‍കിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
വസ്തുത ചൂട്ടിക്കാണിക്കേണ്ടത് വൈല്‍സ് ലൈഫ് വാര്‍ഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തൃശ്ശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കില്‍ പറഞ്ഞത് വസ്തുതയാണ്. എല്ലാ ആന ഉടമകളെയല്ല പറഞ്ഞത്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പല രീതിയില്‍ തന്റെ നിലപാടിനെതിരെ രംഗത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

Read More: തൃശ്ശൂരെടുക്കുമ്പോള്‍ പേരാമ്പ്രയിലെ ആറടി മണ്ണൊന്നൊഴിവാക്കി തരുമോ? അച്ഛന്റെ ആറടി മണ്ണിനായി കണ്ണീരുമായി അനന്ദ്, സുരേഷ് ഗോപിയുമായുള്ള ഫോണ്‍ സംഭാഷണം

share this post on...

Related posts