പെണ്‍കുട്ടിയെ റോഡില്‍ നഗ്‌നയാക്കി ബ്ലേഡുകൊണ്ട് കീറി; കാമുകന്റെ ‘ബ്ലാക്ക്മെയില്‍ ആക്രമണം’

ഒരു പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ടാണ് ചുറ്റുപാടും താമസിക്കുന്ന ആളുകളെല്ലാം ഓടിക്കൂടിയത്. ഓടിയെത്തിയപ്പോള്‍ കണ്ടത് ശരീരം നിറയെ ചോര പുരണ്ട നഗ്‌നയായ പെണ്‍കുട്ടിയെയായിരുന്നു. അലറിക്കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ എടുത്തുകൊണ്ട് സമീപത്ത് തന്നെ ഒരു യുവാവുമുണ്ടായിരുന്നു.
നാട്ടുകാര്‍ പെട്ടെന്നുതന്നെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. യുവാവിനെ പൊലീസിലും ഏല്‍പിച്ചു. പിന്നീട് മാത്രമാണ് കഥകള്‍ മുഴുവനായി അറിയുന്നത്.
പതിനാറുകാരിയായ പെണ്‍കുട്ടിയുടെ കാമുകനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇരുവരും പ്രണയത്തിലായിരിക്കെ നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോകള്‍ യുവാവ് തന്റെ ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
ശാരീരികമായ പീഡനങ്ങള്‍ നടന്നെങ്കിലും ഒന്നും പുറത്തുപറയാന്‍ പെണ്‍കുട്ടി ധൈര്യപ്പെട്ടില്ല. ഒടുവില്‍ പരസ്യമായി അവളെ നഗ്‌നയാക്കി ബ്ലേഡുകൊണ്ട് ശരീരമാകെ വരഞ്ഞ്, അലറിക്കരയുന്ന അവളുടെ വീഡിയോ എടുക്കുമ്പോഴാണ് നാട്ടുകാര്‍ ഓടിക്കൂടി സംഭവം കയ്യോടെ പിടികൂടിയത്.
ഇത്രയും വലിയൊരു അതിക്രമത്തിന് ഇരയാകും വരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അനുഭവിച്ച മാനസികവും ശാരീരകവുമായ പീഡനങ്ങളെക്കുറിച്ച് വീട്ടുകാരോ കൂട്ടുകാരോ അറിഞ്ഞിരുന്നില്ല. അടുപ്പമുള്ള ആരെങ്കിലും അറിഞ്ഞിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ളൊരു ആക്രമണത്തിന് അവള്‍ക്ക് ഇരയാകേണ്ടി വരുമായിരുന്നില്ല.
ഹൈദരാബാദിലെ ഗാന്ധിനഗറിലാണ് ഈ സംഭവം നടന്നത്. യുവാവിന് സാരമായ മാനസികപ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ ‘കെമിക്കല്‍ ഡ്രഗുകള്‍’ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.

ലൈംഗികപരമായ ‘ബ്ലാക്ക്മെയിലിംഗ്’…

ലൈംഗികപരമായി ‘ബ്ലാക്ക്മെയില്‍’ ചെയ്യുന്നതിന് പിന്നിലുള്ള മനശാസ്ത്രം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്ന് ലൈംഗിക ആവശ്യങ്ങള്‍ക്ക് തന്നെ വീണ്ടും അതേ വ്യക്തിയെ ഉപയോഗപ്പെടുത്തുന്നതിന്, രണ്ട്- പണത്തിന് വേണ്ടി. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് നേടുന്നതിന് വേണ്ടിയും ലൈംഗികമായ ‘ബ്ലാക്ക്മെയിലിംഗ്’ നടത്തുന്നവരുണ്ട്.
ഏത് രീതിയിലാണെങ്കിലും ‘ക്രിമിനല്‍’ മനോനിലയാണ് ഇതിന് പിന്നിലുണ്ടാകുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ വിശദീകരിക്കുന്നു. പ്രണയബന്ധത്തില്‍ വൈകാരികമായ ‘ബ്ലാക്ക്മെയിലിംഗ്’ നടക്കാറുണ്ട്. ഇത് ഒരു വ്യക്തി ചെറുപ്പം മുതല്‍ അനുഭവിക്കുന്ന വൈകാരികമായ അരക്ഷിതാവസ്ഥയുടെയെല്ലാം ഭാഗമായി സംഭവിക്കുന്നതാണ്. ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയെുമെല്ലാം ഒരു വലിയ പരിധി വരെ ഇത്തരം വ്യക്തിത്വ വൈകല്യങ്ങളെ പരിഹരിക്കാനാകും.
എന്നാല്‍ ലൈംഗികപരമായ ‘ബ്ലാക്ക്മെയിലിംഗ്’ നടത്തുന്നത്, കുറ്റകൃത്യങ്ങള്‍ നടത്താന്‍ വാസനയുള്ള മനോനിലയാണ് വ്യക്തമാക്കുന്നത്. ഇത്തരം വ്യക്തികളെ എളുപ്പത്തില്‍ സ്വാധീനിക്കുക സാധ്യമല്ല, അതുപോലെ തന്നെ, ഏതുതരത്തിലുള്ള പെരുമാറ്റവും ഇവരില്‍ നിന്ന് പ്രതീക്ഷിക്കാം. ഒരുപക്ഷേ, ഒരു കൊലപാതകം വരെ നടത്താനും ഇവര്‍ മടിച്ചേക്കില്ല.

എങ്ങനെ പ്രതികരിക്കണം?

ആദ്യം സൂചിപ്പിച്ച സംഭവത്തിലെപ്പോലെ മിക്കവാറും പ്രണയം നടിച്ചോ, അടുപ്പം നടിച്ചോ ഒക്കെയായിരിക്കും ഇത്തരം വ്യക്തികള്‍ സമ്പര്‍ക്കത്തിലാകുന്നത്. വിശ്വാസം നേടിക്കഴിയുമ്പോള്‍ പിന്നെ എല്ലാം വളരെ എളുപ്പത്തിലാകും. ഭീഷണിപ്പെടുത്താന്‍ ആവശ്യമായ ഫോട്ടോകളോ, സന്ദേശങ്ങളോ വീഡിയോകളോ കിട്ടിക്കഴിയുമ്പോള്‍ അവരുടെ തനിനിറം പുറത്തുവരും.
പിന്നെ, തനിക്ക് വഴങ്ങിത്തരണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടേക്കാം. മിക്കവാറും മാനക്കേട് ഭയന്നും, സമൂഹത്തിലുള്ള നിലയും വിലയും നഷ്ടപ്പെടുന്നതോര്‍ത്തും നിലനില്‍പ് പ്രശ്നത്തിലാകുമെന്നതിനാലും ഒക്കെ ഇതില്‍ പെട്ടുപോകുന്നവരാണ് അധികവും. എന്നാല്‍ ഇങ്ങനെയുള്ള ‘ബ്ലാക്ക്മെയിലിംഗി’ന് കീഴടങ്ങിക്കൊടുക്കുന്നത് വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങള്‍ക്കാണ് ഇടയാക്കുക.
അതിനാല്‍ത്തന്നെ ശരീരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ഭീഷണികള്‍ നേരിട്ടാല്‍ ഉടന്‍ തന്നെ അത് കുടുംബത്തിലോ സുഹൃത്തുക്കളോടോ പൊലീസിലോ ഒക്ക അറിയിക്കാവുന്നതാണ്. ഇരയുടെ ദൗര്‍ബല്യം, ഭയം ഇതെല്ലാമാണ് മിക്കവാറും കുറ്റവാളികള്‍ മുതലെടുക്കുന്നത്. അതേസമയം, ധൈര്യപൂര്‍വ്വം പ്രതികരിക്കാന്‍ തയ്യാറാകുന്നതോടെ അവര്‍ക്ക് മറ്റ് വഴികളില്ലാതാകുന്നു.
വളരെയധികം അടുപ്പം സൂക്ഷിച്ചിരുന്നവരാണെങ്കില്‍ സ്വകാര്യകാര്യങ്ങളില്‍ വരെ അവര്‍ കടന്നുകയറിയിരിക്കും. അതിനാല്‍ ഇ-മെയില്‍- സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ശക്തമായ പാസ് വേര്‍ഡുകളിട്ട്, സുരക്ഷിതമാക്കുക. ഫോണ്‍ ഉള്‍പ്പെടെ എല്ലാറ്റില്‍ നിന്നും അയാളെ ബ്ലോക്ക് ചെയ്യാം. അയാളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പാടെ ഉപേക്ഷിക്കാം. ഇതിനെല്ലാം മുമ്പ്, വിശ്വാസമുള്ള ആരെങ്കിലുമായും സംസാരിച്ച് വിഷയത്തില്‍ പരിഹാരം കാണണം. ഭിഷണി ഉയര്‍ത്തുന്നയാളെ കുറ്റവാളിയായിത്തന്നെ കാണണം, അത് എത്ര പ്രിയപ്പെട്ടവരായിരുന്നു എങ്കിലും. കുറ്റവാളിയായ ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമല്ലോ? അല്ലേ?


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts