
സംഗീതരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് അധികമുണ്ടെങ്കിലും ഒരു സിനിമക്ക് വേണ്ടി പാടിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ആഹ്ലാദത്തിലാണ് വയനാട് സ്വദേശിനിയായ സൗമ്യ ബിജോയ് കുറുപ്പ്. കെ ആർ പ്രവീൺ സംവിധാനം ചെയ്ത ‘തമി’ എന്ന ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ‘മിയാ സുഹാ രംഗേ.. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്. ഫൗസിയ അബൂബക്കറിന്റെ വരികൾക്ക് സംഗീതം നൽകിയത് സി റ്റി വിശ്വജിത്താണ്.

ഓൾ ഇന്ത്യാ റേഡിയോ ബി ഹൈഗ്രേഡ് ആർട്ടിസ്റ്റും സംഗീത അധ്യാപികയുമായ സൗമ്യ കൽപ്പറ്റയിൽ സ്വന്തമായി ഒരു സംഗീത സ്കൂൾ നടത്തിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിന്നണി ഗാനരംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ അടക്കമുള്ള 9 പ്രമുഖർ ഈ ഗാനം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ച സൗമ്യയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്. മൂന്ന് വയസുമുതലാണ് സംഗീതാഭ്യാസം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ പാടിയ ഒരു ഗാനം സംഗീത സംവിധായകൻ വിശ്വജിത്ത് കണ്ടതോടെയാണ് സിനിമയിലേക്ക് സൗമ്യക്ക് അവസരം ലഭിക്കുന്നത്. തന്റെ ആദ്യചിത്രത്തിൽ തന്നെ മറ്റൊരു ഗാനം കൂടി പാടാനും ഈ ഗായികക്ക് അവസരം ലഭിച്ചു. പതിനായിരങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം ആസ്വദിച്ചത്.