പാര്‍ട്ടി പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണില്‍ സിപിഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് നാളെ കണ്ണൂരില്‍ തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും ഇന്ന് സമ്മേളനവേദിയില്‍ എത്തും. പൊതുസമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തും.
നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും സമ്മേളന പ്രതിനിധികളും ജില്ലയിലെത്തി.
കോണ്‍ഗ്രസ് ബന്ധം, വികസന നയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് പാര്‍ട്ടി അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗം വൈകിട്ട് കണ്ണൂരില്‍ ചേരും.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി. ഗുജറാത്ത് സംഘം തിങ്കള്‍ പുലര്‍ച്ചെ കണ്ണൂരിലെത്തി. ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ന് രാവിലെ എത്തും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. ഏപ്രില്‍ പത്തിന് ജവഹര്‍ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം.