എറണാകുളത്ത് വോട്ടിംഗ് സമയം നീട്ടി നല്‍കുന്നത് കമ്മീഷന്‍ തീരുമാനമെടുക്കും: കളക്ടര്‍

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാഹചര്യം വിലയിരുത്തി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അഞ്ച് ബൂത്തുകളിലാണ് വോട്ടിംഗ് ശതമാനത്തില്‍ കുറവുള്ളത്. ഇത് 3 മണി വരെ വിലയിരുത്തിയ ശേഷം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
കനത്ത മഴ 11 ബൂത്തുകളെ ബാധിച്ചിരുന്നു. ഈ ബൂത്തുകളില്‍ ബദല്‍ സംവിധാനം ഒരുക്കി സുഗമമായ പോളിംഗിന് അവസരമൊരുക്കി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളടക്കമുള്ളവര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ച് സ്ഥലങ്ങളിലായി തുറന്ന ക്യാമ്പുകളില്‍ 270 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കണയന്നൂര്‍, കൊച്ചി താലൂക്കുകളിലാണ് ക്യാമ്പുകള്‍. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. കലൂര്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പമ്പിംഗ് നടത്തുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാനകളിലെ തടസം നീക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ കളക്ടറേറ്റിലെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും കളക്ടര്‍ പറഞ്ഞു.

share this post on...

Related posts