കനത്ത മഴയില്‍ നിലംപൊത്തി പാക്കം ബ്രിട്ടീഷ് സ്രാമ്പി

വയനാട്: കനത്ത മഴയില്‍ നിലംപൊത്തി പാക്കം ബ്രിട്ടീഷ് സ്രാമ്പി. കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ കനത്ത മഴയിലാണ് ബ്രിട്ടീഷ് വാഴ്ച്ചയുടെ അവസാനശേഷിപ്പായ പാക്കം സ്രാമ്പി തകര്‍ന്നടിഞ്ഞത്.
ഒഴിവു ദിവസങ്ങള്‍ ചിലവഴിക്കുന്നതിനു മറ്റുമായി ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച ചെറു വാസസ്ഥലമായിരുന്നു സ്രാമ്പി. അറബിവാക്കായ സ്രാമ്പിക്ക് മാളിക എന്നാണ് അര്‍ത്ഥം. മുഴുവനായും തേക്കിന്‍ തടിയിലാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം. ഒരു കാലത്ത് സര്‍വ്വ പ്രൗഢിയോടും കൂടി വൈദേശിക ഉപയോഗിച്ചിരുന്ന ഇവിടം വേണ്ടവിധം സംരക്ഷണമില്ലാതെ മണ്ണിലേക്ക് ചരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇത് സംരക്ഷിക്കണമെന്നാവശ്യം നേരത്തെ മുതല്‍ ഉയര്‍ന്നുവെങ്കിലും അതിന് അധികൃതര്‍ മുഖം തിരച്ചതോടെ ആ ചരിത്ര ശേഷിപ്പ് മണ്ണിലൊടുങ്ങുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നേടുന്നതിനായി ഉയര്‍ന്ന തൂണുകള്‍ക്ക് മുകളിലായാണ് സ്രാമ്പിയുടെ നിര്‍മ്മാണം.

വിശാലമായ വിശ്രമമുറികളും, ഓഫീസും, നിരീക്ഷണ സൗകര്യങ്ങളുമൊക്കെ സജ്ജമായിരുന്നു ഇവിടത്തെ മേല്‍തട്ട്. പത്തുകൊല്ലം മുന്‍പുവരെ മുകള്‍നിലയിലേക്ക് കയറി ചെല്ലാന്‍ പടികള്‍ ഉണ്ടായിരുന്നു. സ്രാമ്പിയോടു ചേര്‍ന്നു തന്നെയാണ് അടുക്കളയും കുതിരാലയവും സ്ഥിതി ചെയ്തിരുന്നത്. അതിന്റെ അവശേഷിപ്പുകളും ഇന്നില്ല.


ചുറ്റിനുമുള്ള വിശാലമായ സ്ഥലത്ത് ബ്രിട്ടീഷുകാര്‍ സൈനീക പരിശീലനത്തിനും ഗോള്‍ഫുകളിക്കാനുമായി ഉപയോഗിച്ചിരുന്നു. മണ്‍മറഞ്ഞ ചരിത്ര ശേഷിപ്പുകളെപ്പോലെ സ്രാമ്പിയുടെ സംരക്ഷണവും അധീകാരി വര്‍ഗ്ഗത്തിന്റെ കടലാസ്സുകളിലെ വരികളായി മാത്രം അവശേഷിച്ചു. താഴെ വീണതും ഇളക്കിയെടുക്കാവുന്നതുമായ തേക്കിന്‍ പലകകള്‍ സാമൂഹ്യ വിരുദ്ധര്‍ കൊണ്ടുപോയി. ശേഷിക്കുന്ന ഒരു അസ്ഥികൂടം മാത്രമായി നിന്നിരുന്ന ആവശേഷിപ്പാണ് തകര്‍ന്നു വീണത്. ഇതോടെ ചരിത്രത്തിന്റെ ഏടില്‍ എവിടെയും അടയാളപ്പെടുത്താതെ സ്രാമ്പിയും നമ്മുടെ കണ്‍മുന്നില്‍ നിന്നും നാമവശേഷമാവുകയാണ്.

Related posts