ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക കോര്‍കമ്മറ്റിയോഗം കോട്ടയത്ത് ചേരുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒഴികെ മറ്റൊരിടത്തും ഉറപ്പിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് ആയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ടയുടെ കാര്യത്തിലാണ് പ്രധാന തര്‍ക്കം നടക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ബന്ധം പിടിച്ചാല്‍ തുഷാറിന് തൃശൂര്‍ നല്‍കേണ്ടിവരികയും തൃശൂരിലെ സാധ്യതാ പട്ടികയില്‍ മുന്നിലുള്ള കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കേണ്ടി വരുകയും ചെയ്യും. മാത്രമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് മത്സര രംഗത്ത് വേണോ എന്ന കാര്യത്തിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്.
പന്തളം രാജകുടുംബത്തിലെ അംഗം ശശികുമാര വര്‍മ്മയക്കമുള്ള പേരുകളും പത്തനംതിട്ടയിലേക്ക് ഉയര്‍ന്ന് വന്നിട്ടുമുണ്ട്. അതെ സമയം പാലക്കാട്ട് ശോഭ സുരേന്ദ്രനും കോഴിക്കോട്ട് എംടി രമേശും കണ്ണൂരില്‍ സികെ പദ്മനാഭനും കാസര്‍കോട്ട് പികെ കൃഷ്ണദാസും സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ മുന്നിലുണ്ട്.
ബിജെപിക്ക് പുറത്തുള്ള പൊതു സമ്മതനെന്ന നിലയ്ക്ക് സിവി ആനന്ദബോസിനെ കൊല്ലത്തും പിഎസ് സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലും മത്സരിപ്പിക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും പാര്‍ട്ടിക്കകത്തും ബിജെപി നേതാക്കളില്‍ വലിയൊരു വിഭാഗത്തിനും വലിയ അതൃപ്തി ഇക്കാര്യത്തിലുണ്ട്.
കോട്ടയത്ത് ചേരുന്ന കോര്‍ കമ്മിറ്റിയോഗം സ്ഥാനാര്‍ത്ഥി സാധ്യതകള്‍ ചര്‍ച്ച ചെയ്യുമെങ്കിലും തിരുവനന്തപുരവും കോട്ടയവും ഒഴികെ ബാക്കി എല്ലായിടത്തും ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പട്ടികയാകും ദേശീയ നേതൃത്വത്തിന്റെ പരിഗണനയ്ക്ക് നല്‍കുക.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts