ഭീകരത വര്‍ധിക്കുന്നു; ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഒ.ഐസിയില്‍ സുഷമ സ്വരാജ്


അബുദാബി: ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടന(ഒഐസി) സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം. അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

ദക്ഷിണേഷ്യയില്‍ ഭീകരവാദം വര്‍ധിക്കുകയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെ അല്ല. ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു. മനുഷ്യത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെടണം. ഭീകരക്യാമ്ബുകള്‍ നശിപ്പിക്കുകയും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്നും പറയണമെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു സുഷമയുടെ പ്രസംഗം. ഭഗവത് ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ പ്രസംഗം. ഇസ്ലാം എന്നാല്‍ സമാധാനം എന്നാണ് അര്‍ഥമാക്കുന്നത്. എല്ലാ മതങ്ങളും സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഞാന്‍ വരുന്നത് മഹാത്മാ ഗാന്ധിയുടെ മണ്ണില്‍ നിന്നാണ്. എല്ലാ പ്രാര്‍ഥനകളും ശാന്തിയിലും സമാധാനത്തിലും അവസാനിക്കുന്ന നാട്ടില്‍ നിന്നാണെന്നും സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സുഷമ പറഞ്ഞു.

പാക്കിസ്ഥാന്‍ അംഗമായ ഒഐസിയുടെ അബുദാബിയിലെ സമ്മേളനത്തിലെ അതിഥി രാഷ്ട്രമായിട്ടാണ് ഇന്ത്യയെ ക്ഷണിച്ചത്. അബുദാബിയില്‍ ഇന്നും നാളെയുമാണ് യോഗം നടക്കുന്നത്. ഇത് ആദ്യമായാണ് ഒഐസി സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. യുഎഇ വിദേശകാര്യ മന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഇന്ത്യയെ ക്ഷണിച്ചത്.

സുഷമയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യോഗം ബഹിഷ്‌കരിച്ചിരുന്നു. സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഖുറേഷി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അറിയിച്ചു. ഖുറേഷിക്ക് പകരം നയതന്ത്രപ്രതിനിധികള്‍ ദ്വിദിന യോഗത്തില്‍ പങ്കെടുക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts