ഹൈദരാബാദില്‍ സിനി ആര്‍ടിസ്റ്റ് തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ടെലിവിഷന്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്ക് സിനിമ സിരിയല്‍ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാന്‍സിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഝാന്‍സി വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാ പ്രസാദ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഝാന്‍സി ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരുകയാണ്.

കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ നടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പവിത്ര ബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ പ്രേഷകരുടെ ആരാധനാപാത്രമായി മാറിയ താരമാണ് ഝാന്‍സി. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ വഡാലി ഗ്രാമമാണ് നാഗ ഝാന്‍സിയുടെ സ്വദേശം. കഴിഞ്ഞ കൊല്ലം ജൂണില്‍ ഹൈദരാബാദിലെ സ്വകാര്യ ന്യൂസ് ചാനല്‍ അവതാരികയായ രാധിക റെഡ്ഡി(36) ആത്മഹത്യ ചെയ്തിരുന്നു. വീടിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടിയാണ് രാധിക ജീവനൊടുക്കിയത്. രാധികയുടെ ബാഗില്‍നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ആറ് മാസം മുമ്പ് രാധിക വിവാഹമോചനം നേടിയിരുന്നു. ഇതായിരിക്കാം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസിന്റെ നിഗമനം.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts