ടാറ്റയില്‍ നിന്ന് നിരത്തിലെത്താനൊരുങ്ങുന്ന പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ അല്‍ട്രോസിന്റെ ബുക്കിങ് ആരംഭിച്ചു. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ 25,000 രൂപ ടോക്കണ്‍ തുക ഇടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ബുക്കിങ് തുടങ്ങിയെങ്കിലും ചെന്നൈയില്‍ ഡിസംബര്‍ നാലിനാണ് തുടങ്ങുക. 2020 ജനുവരിയില്‍ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ മോഡല്‍ കഴിഞ്ഞ ദിവസം ടാറ്റയുടെ പുണെയിലെ പ്ലാന്റില്‍ നിന്ന് പുറത്തിറക്കിയിരുന്നു. ഡിസൈനില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഈ വാഹനം ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്നാണ് സൂചന.
നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള് എന്നിവയാണ് അല്‍ട്രോസിനെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ച് വാഹനത്തിന് മസില്മാന് രൂപം നല്‍കും. ആഡംബര ഭാവമുള്ള ഇന്റീരിയറാണ് ഈ വാഹനത്തിനുള്ളത്. ഡ്യുവല്‍ ടോണ്‍ ഡാഷ്ബോഡും ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീലിലുമെല്ലാം പുതുമ നിഴലിക്കുന്നുണ്ട്. മൂഡിനനുസരിച്ച് മാറ്റാവുന്ന ആംബിയന്റ് ലൈറ്റുകള്‍ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറാണ്.
1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്ജിന്. ബിഎസ് 6ലേക്ക് മാറാനുള്ള കാലതാമസമാണ് അല്‍ട്രോസിന്റെ ലോഞ്ച് വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും അല്‍ട്രോസ് എത്തിയേക്കും. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അല്‍ട്രോസ്. ആല്‍ഫ പ്ലാറ്റ്ഫോമിലൊരുങ്ങുന്ന ഈ വാഹനം പ്രീമിയം ഹാച്ച്ബാക്കിലെ കരുത്തരായ മാരുതി ബലേനൊ, ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ് എന്നീ വാഹനങ്ങളുമായി ഏറ്റമുട്ടും.